ചെങ്ങന്നൂർ : ജനുവരി 18 മുതൽ 31 വരെ പെരുങ്കുളം പാടത്തെ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള 2025 ൻ്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കുടുംബശ്രീയും മറ്റു ഗ്രാമീണ ഉദ്പാദക സംരംഭകരും പങ്കെടുക്കും. ഇവർക്കായി 250 സ്റ്റാളുകളും സംഘാടക സമിതി നേരിട്ട് നടത്തുന്ന 100 സ്റ്റാളുകളും ഉൾപ്പെടെ 350 വിപണന കേന്ദ്രങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. വിവിധ സംസ്ഥാനങ്ങളിലെ കലാശില്പങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ എന്നിവയുടെ വൈവിധ്യമാർന്ന പ്രദർശനവും വിപണനവും ഉണ്ടാകും. എല്ലാ സംസ്ഥാനത്തെയും രുചി വൈവിധ്യം വിളമ്പുന്ന 30 ഫുഡ് കോർട്ടുകളും നിരക്കും.
18 ന് വൈകിട്ട് നാലിന് ചെങ്ങന്നൂർ ഗവ. ഐ ടി ഐ ജംഗ്ഷൻ, വെള്ളാവൂർ ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിൽ നിന്ന് വിളംബര ഘോഷയാത്രകൾ ആരംഭിച്ച് പെരുങ്കുളം പാടത്ത് സമാപിക്കും. തുടർന് ചേർത്തല രാജേഷിൻ്റെ ഫ്യൂഷനും 1000 കുടുംബശ്രീ വനിതകളുടെ കൂട്ടപ്പാട്ടും ഉണ്ടാകും.
20 ന് വൈകിട്ട് നാലിന് മന്ത്രി എം ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങൾ പ്രദിപാദിക്കുന്ന അഞ്ചു സെമിനാറുകളിൽ സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ, കലാ രംഗത്തെ വിദഗ്ദർ പങ്കെടുക്കും. എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ ചർച്ചയും ഉണ്ടാകും.
21 ന് എം ടി വാസുദേവൻ നായരുടെ കൃതികളെ സംബന്ധിച്ചാണ് ആദ്യ ചർച്ച ആരംഭിക്കുക. മികച്ച 40 പ്രസാധകർ പങ്കെടുക്കുന്ന ബുക്ക് ഫെയറും പുസ്തക ചർച്ചകളും ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതൽ കലാപരിപാടികൾ ആരംഭിക്കും. ജില്ലയിലെ 12 ബ്ലോക്കുകളിലെ കുംടുംബശ്രീ കലാകാരികൾ ഇതിൽ പങ്കെടുക്കും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാമേളയും ഉൾപ്പെടുത്തും. മലയാള സിനിമ ചരിത്രം വിവരിക്കുന്ന എക്സിബിഷൻ മേളയുടെ പ്രത്യേകതയാണ്. സ്റ്റീഫൻ ദേവസി, ഷഹബാസ് അമൻ, റിമി ടോമി, വിധു പ്രതാപ്, ജ്യോത്സ്ന, സിതാര ബാലകൃഷ്ണൻ, പ്രസീത ചാലക്കുടി കലാഭവൻ ഷാജോൺ ഉൾപ്പെടെയുള്ള കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും. ചെങ്ങന്നൂരിലെ കലാകാരന്മാർക്കായി വേദിയൊരുങ്ങും.
മേളയോടനുബന്ധിച്ച് ഫ്ലവർ, പെറ്റ് പ്രദർശനങ്ങൾ, അമ്യൂസ്മെൻ്റ് പാർക്ക്, റോബോട്ടിക്ക് ഷോ എന്നിവയും ഉണ്ടാകും. സരസ് മേളയിൽ പ്രവേശനം സൗജന്യമായിരിക്കും. മൂന്നു വേദികൾ ഉൾക്കൊള്ളുന്ന ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള പന്തലിലാണ് പ്രദർശന, വിപണനവും നടക്കുക. ഇതിനായി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്. ഇതു മൂലം എല്ലാ കായിക മത്സരങ്ങളും നടത്തുവാൻ കഴിയുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച കളിക്കളമായി പെരുങ്കുളം സ്റ്റേഡിയം മാറി. മേളയ്ക്ക് ശേഷം ഏപ്രിൽ 11 ന് സംസ്ഥാനതല ഫുട്ബോൾ മത്സരവും സ്റ്റേഡിയത്തിൽ നടക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗ്ഗീസ്, കുടുബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.