ന്യൂഡല്‍ഹി : ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. സാധാരണ നിലയിൽ തന്നെ നിരത്തുകളിൽ പൊതുഗതാതം ഉൾപ്പടെയുള്ളവ സർവീസ് നടത്തുന്നുണ്ട്. പൊതുവിൽ ഡൽഹിയിൽ പണിമുടക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ കാർഷിക മേഖലയെയും വ്യാവസായിക മേഖലകളെയും പണിമുടക്ക് സാരമായി ബാധിക്കുമെന്നാണ് നിഗമനം. കാരണം ഡെൽഹിയിലെ അതിർത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഇവർ ഉൾപ്പെടുന്ന 10 ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പണിമുടക്കിൽ പങ്കെടുക്കും. ഏറ്റവും കൂടുതൽ കർഷക സംഘടനകൾക്ക് സ്വാധീനമുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ പണിമുടക്ക് ശക്തമാക്കാനുള്ള സാധ്യതയാണുള്ളത്. ബീഹാറിൽ ശക്തമായി തന്നെ പണിമുടക്ക് ഉണ്ടാകും. ആർജെഡിയും ഇടത് സംഘടനകളുമാണ് ബീഹാറിലെ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ് ഒഴികെയുള്ള എല്ലാ പാർട്ടികളും പൊതുപണിമുടക്കിന് പിന്തുണ നൽകി.