പത്തനംതിട്ട : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കെ.പി.സി.സി യുടെ ഫണ്ട് ശേഖരണത്തിനായുള്ള ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് റാന്നി അസംബ്ലി കമ്മറ്റി സംഘടിപ്പിക്കുന്ന മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന നാടകത്തിന്റെ വേദികളിൽ അവതരണത്തിനായി പുതിയ വീഡിയോ സി.ഡി പ്രകാശനം ചെയ്തു. കെ.പി.സി.സി യുടെ സാഹിതി തീയേറ്റേഴ്സാണ് കേരളത്തിലെ പല വേദികളിലും നാടകം അവതരിപ്പിക്കുന്നത്. നാടക അവതരണ വേദികളിൽ എല്ലാം വീഡിയോ അവതരിപ്പിക്കും. നാറാണം മൂഴി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ബീന ജോബിയാണ് ഗാനം ആലപിച്ചത്. രാജു വള്ളൂരാനാണ് ഗാനം രചിച്ചത്. കെ.സി.ബി.സി യുടെ 35-ാം പ്രൊഫഷണൽ നാടകത്തിനുള്ള ഒന്നാം സ്ഥാനവും നാടകം കരസ്ഥമാക്കിയിട്ടുണ്ട്.
വീഡിയോ സി.ഡി യുടെ പ്രകാശനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല നിർവഹിച്ചു. പി. മോഹൻരാജ്, എ. ഷംസുദ്ദീൻ, നഹാസ് പത്തനംതിട്ട, എസ്.വി. പ്രസന്നകുമാർ, മനോഷ് ഇലന്തൂർ, ബാബുജി ഈശോ, ലിനു മാത്യു മള്ളത്ത്, ജിബിൻ ചിറക്കടവിൽ, സുനിൽ യമുന, ബീന ജോബി, അസ്ലം .കെ അനൂപ്, സുധീഷ് സി.പി, കാർത്തിക് മുരിങ്ങമംഗലം, ആകാശ് ഇലഞ്ഞാന്തമണ്ണിൽ, ജോബി. കെ. ജോസ്, റ്റിജോ സാമുവൽ എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും കെ.പി.സി.സി യുടെ സാഹിതി തീയേറ്റേഴ്സിന്റെ നാടകോത്സവം സംഘടിപ്പിക്കുമെന്നും ലഭിക്കുന്ന തുക കെ.പി.സി.സി യുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.