കോഴിക്കോട്: പാലക്കാട്-മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്ക് ദേശീയ വൈൽഡ്‌ലൈഫ് ബോർഡിന്റെ പച്ചക്കൊടി. പദ്ധതിക്കായി 9.526 ഹെക്ടർ വനമുൾപ്പെടെ 134.1 ഹെക്ടർ ഭൂമി ഉപയോഗപ്പെടുത്താൻ ബോർഡ് അനുമതിനൽകി. സൈലന്റ് വാലി ദേശീയോദ്യാനം ഉൾപ്പെടുന്ന സംരക്ഷിതവനപ്രദേശത്തിന് പുറത്തുള്ള ഭൂമിയാണ് അനുവദിച്ചത്. കേന്ദ്രമന്ത്രിസഭയുടെ അനുമതികൂടി ലഭിക്കുന്നമുറയ്ക്ക് ദർഘാസ് നടപടികളിലേക്ക് കടക്കുമെന്ന് പദ്ധതി പ്രോജക്ട് വിഭാഗം അധികൃതർ പറഞ്ഞു. സ്ഥലമേറ്റെടുപ്പ് 95 ശതമാനത്തോളം പൂർത്തിയായി. നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ അതിവേഗ ഇടനാഴിയായാണ് വികസിപ്പിക്കുന്നത്.
സൈലന്റ് വാലി ദേശീയോദ്യാനത്തോടുചേർന്ന് 9.526 ഹെക്ടർ ഭൂമിയും 124.574 ഹെക്ടർ വനേതരഭൂമിയും വിട്ടുകിട്ടാൻ ദേശീയ വൈൽഡ്‌ലൈഫ് ബോർഡിന്റെ അനുമതി വേണമെന്നതിനാൽ അതിനുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പരിസ്ഥിതിസംവേദമേഖലയ്ക്ക് പുറത്തുള്ള പത്തുകിലോമീറ്റർ ചുറ്റളവിലാണ് നിലവിൽ പദ്ധതിക്കായി ഭൂമി അനുവദിച്ചിട്ടുള്ളതെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു. മാർച്ചിൽ നടന്ന യോഗത്തിലാണ് വൈൽഡ്‌ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചത്. കഴിഞ്ഞദിവസമാണ് ഇതിന്റെ ഉത്തരവ് വന്നത്.ഏറ്റെടുക്കാൻ അനുമതി ലഭിച്ച സ്ഥലം, സൈലന്റ് വാലി വനമേഖലയോട് ചേർന്നുള്ള ഭൂമിയാണെങ്കിലും വനഭൂമിയല്ല.
സ്വകാര്യവ്യക്തികളുടെ ഭൂമിയായതിനാൽത്തന്നെ മറ്റുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുംപോലെത്തന്നെയായിരിക്കും ഇതിന്റെയും നടപടികളെന്നും അധികൃതർ പറഞ്ഞു. പാതയിലേക്ക് വന്യമൃഗങ്ങൾ വരുന്നത് തടയുന്നതിനുള്ള പദ്ധതികൾക്കായി 88.88 കോടി രൂപ ദേശീയപാതാ അതോറിറ്റി കെട്ടിവെയ്ക്കണമെന്ന നിർദേശത്തോടെയാണ് ബോർഡ് സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയത്. കോംപൻസേറ്ററി അഫോറസ്‌റ്റേഷൻ ഫണ്ട് മാനേജ്‌മെന്റ് ആൻഡ് പ്ലാനിങ് അതോറിറ്റി (കാംപ) ഫണ്ടിലേക്കാണ് കെട്ടിവെയ്ക്കേണ്ടത്. ദേശീയപാത 66-ൽ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് തുടങ്ങി ദേശീയപാത 544-ൽ പാലക്കാട് മരുതറോഡുവരെ 121 കിലോമീറ്ററാണ് പാത. 7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായാണ് റോഡ് വികസിപ്പിക്കുക. പണി പൂർത്തിയായാൽ കോഴിക്കോട്-പാലക്കാട് യാത്ര ഒന്നരമണിക്കൂറുകൊണ്ട് സാധ്യമാവും.