തിരുവല്ല : വിദേശത്തേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ വളഞ്ഞവട്ടം സ്വദേശി തൂങ്ങി മരിച്ചു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് (60)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കള്‍ ചേര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 13 വര്‍ഷക്കാലമായി മസ്ക്കത്തിലെ എസ് ആന്‍ഡ് ടി കമ്പിനിയില്‍ ജീവനക്കാരനായിരുന്ന പ്രസാദ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലീവിന് നാട്ടിലെത്തിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മടക്ക യാത്ര വൈകിയതിനെ തുടര്‍ന്ന് ബാങ്ക് ലോണടക്കം മുടങ്ങിയിരുന്നു. ഇതിന്റെ മനോവിഷമം പ്രസാദിനെ അലട്ടിയിരുന്നതായി അടുത്ത ബന്ധു പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യ – കൃഷ്ണകുമാരി. മക്കള്‍ – അഞ്ജലി, അനുപമ. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പോലീസ് കേസെടുത്തു.