ഇടുക്കി : വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിൽ വനം വകുപ്പും പഞ്ചായത്തുമൊക്കെ കൈവിട്ടതോടെ നാട്ടുകാർ പണം പിരിച്ച് കിടങ്ങ് നിർമ്മിച്ചു. ഇതോടെ ഇടുക്കി കാഞ്ചിയാർ പുതിയപാലം ഭാഗത്തെ ആളുകൾക്കിനി കാട്ടാനയെ പേടിക്കാതെ കിടന്നുറങ്ങാം. വനം വകുപ്പിൻറെ അനുമതിയോടെയായിരുന്നു ട്രഞ്ച് നിർമ്മാണം. കാഞ്ചിയാർ പഞ്ചായത്തിലെ പുതിയപാലം മുതൽ കാവടിക്കവല വരെയുളള ഭാഗത്ത് അടിക്കടിയുണ്ടാകുന്ന കാട്ടാന ശല്യം ജനങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതാക്കി. ഇടുക്കി വന്യജീവി സങ്കേതത്തിൽ നിന്നെത്തുന്ന കാട്ടാന ഇവരുടെ വിളകളെല്ലാം നശിപ്പിച്ചു.
42 വർഷം മുമ്പ് വനാതിർത്തിയിൽ നിർമ്മിച്ച ട്രഞ്ച് മണ്ണ് വീണ് മൂടിയതാണ് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങാൻ കാരണമായത്. പൊറുതി മുട്ടിയ ജനങ്ങൾ പരിഹാരം തേടി വനം വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചു. പിന്മാറാൻ തയ്യാറാകാതെ ജനങ്ങൾ കൈകോർത്തു. ഓരോരുത്തരും കഴിവിനനുസരിച്ച് പണം കണ്ടെത്തി. രണ്ട് കിലോമീറ്റർ ദൂരത്തിൽ ടഞ്ച് നിർമ്മിച്ചു. പതിനെട്ടടി ആഴവും പന്ത്രണ്ടടി വീതിയുമുള്ള കിടങ്ങ്. നാല് ലക്ഷത്തോളം രൂപ ചെലവായെങ്കിലും നാട്ടുകാർക്കിപ്പോൾ പേടിക്കാതെ കിടന്നുറങ്ങാം. വന്യമൃഗ ശല്യം പൂർണ്ണമായും ഒഴിവാക്കാൻ ഇനി 800 മീറ്റർ കൂടെ കിടങ്ങ് നിർമ്മിക്കണം. ഇതിനുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ചെലവായ നാലു ലക്ഷം രൂപ വനംവകുപ്പും പഞ്ചായത്തും അനുവദിക്കുമെന്ന പ്രതീക്ഷയിലാണിവർ.