ചെങ്ങന്നൂർ : അരീക്കര പറയരുകാലാ ദേവീ ക്ഷേത്രത്തിൽ നവ ചണ്ഡികാഹോമം നവംബര്‍ 30, ഡിസംബര്‍ 1 തീയതികളിൽ നടക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്ര മുഖ്യ പുരോഹിതൻ ഡോ.മൂർത്തി കാളിദാസ ഭട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ നേതൃത്വത്തിൽ മൂകാംബികാക്ഷേത്രത്തിലെ പുരോഹിതൻമാരാണ് ഹോമം നടത്തുന്നത്. യജ്ഞ ശാലയിൽ സ്ഥാപിക്കാനുള്ള ധ്വജം 26ന് രാവിലെ 11 ന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്ന് ഏറ്റുവാങ്ങി വിവിധ ക്ഷേത്രങ്ങളിലൂടെ വൈകിട്ട് പറയരുകാലാ ദേവീ ക്ഷേത്രത്തിൽ എത്തിക്കും. ഹോമ വേദിയിൽ തെളിയ്ക്കാനുള്ള ഭദ്ര ദീപം 27ന് മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ നിന്നും രാവിലെ 11ന് ഏറ്റുവാങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് അരീക്കര പറയരുകാലാ ദേവീ ക്ഷേത്രത്തിൽ എത്തിക്കും.
29 ന് വൈകിട്ട് 7ന് തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ അദ്ധ്യക്ഷദതയിൽ യജ്ഞ സമ്മേളനം നടക്കും. ശിവഗിരി മഠം സന്യാസി സ്വാമി ശിവ സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരെയും ജ്യോത്സ്യൻമാരെയും കോടുകുളഞ്ഞി വിശ്വഗാജിമഠാധിപതി സ്വാമി ശിവ ബോധാനന്ദ ആദരിക്കും. സമ്മേളനത്തിൽ പറയരുകാലാ ശ്രീ ജ്ഞാനാംബികാ പുരസ്‌കാരങ്ങൾ പി.വി മിനി വിതരണം ചെയ്യും.ദേവസ്വം പ്രസിഡന്റ് പി.സുജിത് ബാബു സ്വാഗതവും ജനറൽ കൺവീനർ വിനോദ് കാവേരി നന്ദിയും പറയും. 30ന് രാവിലെ 9ന് ആചാര്യവരണം 9.30 ന് ഭദ്രദീപ പ്രകാശനം ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നിർവഹിക്കും. ഡിസംബർ 1ന് രാവിലെ 8 മുതൽ നവ ചണ്ഡികാ ഹോമം നടക്കും.