കോട്ടയം : കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ ഡിസംബർ 12, 13, 14 തീയതികളിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ് ജില്ലയിലെ പൊതുജനങ്ങൾക്ക് നവ അനുഭവമായി മാറിയെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. കഴിഞ്ഞ ഏഴര വർഷക്കാലമായി കടുത്ത പ്രതിസന്ധി ക്കിടയിലും കേരള ജനതയെ ചേർത്തു പിടിക്കുകയും സമാനതകളില്ലാത്ത വലിയ വികസന പ്രവർത്തനങ്ങളും നവകേരള സൃഷ്ടിക്കാനുള്ള വികസന – സാമൂഹ്യ ഇടപെടലുകളും ജനങ്ങളോട് മന്ത്രിമാർ തന്നെ കണക്കുകൾ സഹിതം വിവരിക്കാനായത് വിശ്വസനീയമായി. കൂടുതൽ വികസന പ്രവർത്തനങ്ങളും കർഷകരക്ഷാ പാക്കേജുകളും നടപ്പിലാക്കാൻ കേന്ദ്രം തടസ്സം നിൽക്കുന്നത് ജില്ലയിലെ ജനങ്ങൾ തിരിച്ചറിയുവാനും നവകേരള സദസ്സ് സാധ്യമാക്കിയതായി പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.
9 നിയോജകമണ്ഡലങ്ങളിലും അഭുത പൂർവ്വമായ ജനമുന്നേറ്റമാണ് ഉണ്ടായത്. സമൂഹത്തിലെ എല്ലാ തുറയിലും പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത കോട്ടയത്തും കുറവിലങ്ങാട്ടും നടന്ന പ്രഭാത സദസ്സിൽ ജില്ലയിലെ ഭാവി വികസന കാര്യങ്ങളും, വ്യത്യസ്ത സാമൂഹ്യ, കാർഷിക, വിദ്യാഭ്യാസ പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടു. 9 നിയോജകമണ്ഡലങ്ങളിലുമായി 43000 – ളം പരാതികളും നിവേദനങ്ങളും വിവിധ വകുപ്പുകളിലായി ഉദ്യോഗസ്ഥന്മാർ വഴി സർക്കാരിന് സമർപ്പിക്കപ്പെട്ടു. നവ കേരള സദസ്സ് വൻവിജയം ആക്കുവാൻ കഠിനാധ്വാനം ചെയ്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ കക്ഷി നേതാക്കന്മാരും സദസ്സിനെ അകമഴിഞ്ഞ് സഹായിച്ച സ്പോൺസർമാരും ഏറ്റവും നന്ദിയും ബഹുമാനവും അർഹിക്കുന്നു. നാടിനും നാട്ടുകാർക്കും വേണ്ടി നടത്തിയ കൂട്ടായ്മയിൽ പങ്കെടുക്കരുതെന്ന് ജനത്തെ ആഹ്വാനം ചെയ്തവർ നിരാശരായ കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.