പന്തളം : ജില്ലാ സാക്ഷരതാമിഷനും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടത്തുന്ന നവചേതന പദ്ധതി സംഘാടകസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ മുഴുവന്‍ മുതിര്‍ന്നവര്‍ക്കും സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ കോഴ്‌സിലൂടെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം, ലിംഗസമത്വം, ഭരണഘടന, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണപരിപാടിയും നടത്തും.
22 പട്ടികജാതി സങ്കേതങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ ഒരുക്കും. പട്ടികജാതി സങ്കേതങ്ങളിലല്ലാതെ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
സാക്ഷരതാമിഷന്‍ തയാറാക്കിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. ഇതിനായി ഇസ്ട്രക്ടര്‍മാരെ നിയോഗിക്കും. വിവിധ സര്‍ക്കാര്‍ – സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, എസ് സി പ്രമോട്ടര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിനായാണ് പദ്ധതി നടപ്പാക്കുന്നത്. നാലാംതരം വിജയിക്കാത്തവരുടെ പ്രാഥമിക വിവരശേഖരണം ഒക്ടോബര്‍ 30 ന് പൂര്‍ത്തിയാക്കും. നവംബര്‍ ഒന്നു മുതല്‍ 10 വരെ എല്ലാ പട്ടികജാതി സങ്കേതങ്ങളിലും സംഘാടക സമിതി രൂപീകരിക്കും. നവംബര്‍ 15 ന് സമഗ്ര തുടര്‍വിദ്യാഭ്യാസ സര്‍വെ നടത്തും. സിസംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും.
വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാരായ വി.പി വിദ്യാധരപണിക്കര്‍, പ്രിയ ജ്യോതികുമാര്‍, മെമ്പര്‍മാരായ പൊന്നമ്മ വര്‍ഗീസ്, കെ എം രഞ്ജിത്ത്, എസ് ശ്രീവിദ്യ , സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.