പത്തനംതിട്ട : അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കി ഭരിക്കുന്ന സംസ്ഥാന സർക്കാർ നവകേരള സദസ്സിനെ ധൂർത്തിന്റെ പര്യായമായി മാറ്റിയിരിക്കുകയാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോന്നി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ബുത്ത് പ്രസിഡന്റുമാർ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർക്കായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം മുമ്പൊരിക്കലുമില്ലാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാർക്ക് ശമ്പളവും ക്ഷാമബത്ത കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്കുവാൻ കഴിയുന്നില്ല. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനുകൾക്കായി പ്രായമായ അമ്മമാർക്കു പോലും പിച്ചച്ചട്ടി എടുക്കേണ്ട ഗതികേടിലായിട്ടും സർക്കാരിന്റെ ധൂർത്തിനും ആഢംബരത്തിനും യാതൊരു കുറവും ഇല്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും മുലം കേരളത്തിലെ ജനങ്ങൾ കടുത്ത ഭാരിദ്ര്യത്തിലും പട്ടിണിയിലുമാണ് കഴിയുന്നതെന്നും ഇത് മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുവാൻ നടത്തുന്ന നവകേരള സദസ്സിനെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും എം.പി.പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, നേതാക്കളായ സജി കൊട്ടക്കാട്, ഹരികുമാർ പുതങ്കര, എസ്.വി പ്രസന്നകുമാർ, എസ് സന്തോഷ് കുമാർ,ചിറ്റൂർ ശങ്കർ, എം.വി ഫിലിപ്പ്, എലിസബത്ത് അബു, ജ്യോതിഷ് കുമാർ മലയാലപ്പുഴ, രജനി പ്രദീപ്, ശ്യാം .എസ് കോന്നി എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി തെരഞ്ഞെടുപ്പ് വിദഗ്ദ സമിതി അംഗം പ്രദീപ് താമരക്കുടി ശില്ൽപശാലയിൽ ക്ലാസുകൾ നയിച്ചു.