കോന്നി : ആയിരങ്ങളെ സാക്ഷി നിർത്തി റവന്യു വകുപ്പിലെ മികച്ച ഉദ്യോഗസ്ഥനായ നവീൻ ബാബുവിന്റെ ഭൗതിക ശരീരം ഇന്ന് മൂന്നേ മുക്കാലോടെ പ്രത്യേകം തയ്യാറാക്കിയ ചിത ഏറ്റുവാങ്ങി. ചൊവ്വാഴ്ച പുലർച്ചെയാണ് തന്റെ ഔദ്യോഗിക വസതിയിൽ കണ്ണൂർ എ ഡി എം ആയിരുന്ന മലയാലപ്പുഴ കാരുവള്ളി വീട്ടിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണത്തെ തുടർന്നാണ് കളങ്കമില്ലാത്ത ഒരു റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. ബുധനാഴ്ച പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് ഇന്ന് രാവിലെ പത്ത് മണിയോടെ കളക്ടറേറ്റിൽ എത്തിച്ചു. അവിടെ ഒന്നര മണിക്കൂറോളം പൊതു ദർശനത്തിന് വെച്ചു. കളക്റേറ്റിൽ നടന്ന പൊതു ദരശനത്തിൽ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
പിന്നീട് വിലാപയാത്രയായി പതിനൊന്നരയോടെ മലയാലപ്പുഴയിലെ വീട്ടില്‍ എത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ഭവനത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴും മൃതദേഹം ഒരുനോക്ക് കാണുവാൻ കിലോമീറ്ററുകളോളം നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും നീണ്ടനിര വ്യക്തമായിരുന്നു. രണ്ടരയോടെ മൃതദേഹം സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു എങ്കിലും തിരക്ക് കാരണം മൂന്നേമുക്കാലോടെ ആണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. ചടങ്ങുകൾക്ക് ശേഷം ബന്ധുക്കൾക്കൊപ്പം റവന്യു വകുപ്പ് മന്ത്രി കെ രാജൻ, കെ യു ജെനീഷ് കുമാർ എം എൽ എ, മക്കളായ നിരുപമ, നിരഞ്ജന എന്നിവർ ചേർന്നാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. ബന്ധുക്കളുടെയും മക്കളുടെയും ആഗ്രഹപ്രകാരം നവീൻ ബാബുവിന്റെ പെണ്മക്കൾ ആയ നിരുപമയും നിരഞ്ജനയും ചേർന്നാണ് പിതാവിന്റെ ചിതക്ക് തീ കൊളുത്തിയത്.