കോന്നി : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മലയാലപുഴയിൽ എത്തി നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണ്. പൊതു പ്രവർത്തകരും ഭരണത്തിന്റെ ഭാഗമായി നിൽക്കുന്നവരും എങ്ങനെ പെരുമാറണം എന്നത് പ്രധാനപെട്ട കാര്യമാണ്. നവീൻ ബാബുവിനെ തനിക്ക് വളരെ നേരത്തെ പരിചയമുള്ള ആളാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരാൾക്ക് പോലും അദ്ദേഹത്തിന് എതിരെ വിരൽ ചൂണ്ടാനുള്ള സാഹചര്യം അദ്ദേഹം സൃഷ്ടിച്ചിട്ടില്ല. അത് ഒരു ചെറിയ കാര്യമല്ല. സർവീസിൽ നിന്ന് വിരമിക്കാൻ ഏഴ് മാസം മാത്രം കാലാവധിയുള്ളപ്പോൾ ഇങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു.
അന്നത്തെ യോഗത്തിൽ വി വി ഐ പി നവീൻ ബാബു ആയിരുന്നു. ആ മീറ്റിങ്ങിൽ മര്യാദപൂർവ്വം പെരുമാറേണ്ടത് അതിൽ പങ്കെടുത്ത ജനപ്രതിനിധികൾ അടക്കമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വമായിരുന്നു. ഇതിലൊക്കെ വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കണം. വലിയ പരിശീലനങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ മനുഷ്യത്വപരമായി പെരുമാറാൻ ഇനി എന്നാണ് ഇവരൊക്കെ പഠിക്കുക. ഇവിടെ വർഷങ്ങളായി ഒപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാൻ കണ്ണൂർ ജില്ലാ കളക്ടർക്ക് കഴിഞ്ഞില്ല. കേവലം യന്ത്രങ്ങൾ അല്ല സർക്കാർ ഉദ്യോഗസ്ഥർ. മറ്റേതൊരു മനുഷ്യനെ പോലെ എല്ലാ വികാരങ്ങളും അവർക്കുമുണ്ട്.കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരും എന്നും മന്ത്രി വ്യക്തമാക്കി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സി പി ഐ കൂടൽ മണ്ഡലം ആക്ടിങ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, മലയാലപുഴ ലോക്കൽ സെക്രട്ടറി സി ജി പ്രദീപ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി എസ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.