തിരുവനന്തപുരം :വിഷാദ രോഗത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയെന്നും പ്രമേഹ ബാധിതയായി കുഴഞ്ഞുവീണെന്നുമൊക്കെ വിധിയെഴുതി വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരുന്ന ഒരു കേസ്. മൂന്ന് വര്‍ഷത്തോളം ഉത്തരം കിട്ടാതെ കിടന്ന യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിലുണ്ടായത് ഞെട്ടിക്കുന്ന വഴിത്തിരിവാണ്. നയനയുടേത് കൊലപാതകമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സംശയിക്കുമ്പോള്‍ ആര്‍ക്കു വേണ്ടിയാണ് ഈ കേസിലെ സത്യം മറയ്ക്കപ്പെട്ടതെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. നയനയുടെ കഴുത്തിലുണ്ടായിരുന്ന മുറിവും ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതവും പോലീസിന് മാത്രം ദുരൂഹമായി തോന്നാത്തതില്‍ അത്ഭുതപ്പെടാമെന്നു മാത്രം.
നിലവില്‍ പോലീസ് പ്രതിക്കൂട്ടിലായ കേസില്‍ ക്രൈംബ്രാഞ്ചിനെയും വിശ്വാസമില്ലെന്ന് കുടുംബം വ്യക്തമാക്കിക്കഴിഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയെ കണ്ട് ഇതുവരെയുള്ള അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യം ആവശ്യപ്പെടാനാണ് നയനയുടെ കുടുംബത്തിന്‍റെ നീക്കം. മൂന്ന് വര്‍ഷത്തോളം നീതി വൈകിയ കേസില്‍ അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്ക് ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിജിപി സ്ഥലത്തില്ലെന്ന വിശദീകരണമാണ് പുറത്തുവരുന്നത്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാകും കുടുംബത്തിന്‍റെ നീക്കങ്ങള്‍.
നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബത്തോടൊപ്പം സുഹൃത്തുക്കളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പ്പിക്കാനും മരണം ആത്മഹത്യയാക്കാന്‍ പോലീസിനെ കൊണ്ട് തിരക്ക് കൂട്ടാനും കഴിവുള്ള ആരോ ഒരാളാണ് പിന്നിലെന്നും ഇവര്‍ കരുതുന്നു. തെളിവുകളും പോലീസിന്‍റെ വിചിത്രമായ നീക്കങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും നയനയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ലെനിന്‍ രാജേന്ദ്രന്‍റെ മരണശേഷം അദ്ദേഹം പങ്കാളിയായിരുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതും മരണവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇയാള്‍ നയനയെ ഭീഷണിപ്പെടുത്തിയെന്ന സുഹൃത്തുക്കളുടെ ആരോപണം ഇതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്.
മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നയനയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവ രണ്ട് പരിശോധനയ്ക്ക് ശേഷം തിരിച്ച് നല്‍കിയപ്പോള്‍ മുഴുവന്‍ ഡേറ്റയും തേയ്ച്ച് മായ്ച്ച് കളഞ്ഞിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായും മായ്ച്ചിട്ടുണ്ടെങ്കിലും കോണ്‍ടാക്ട് നമ്പരുകള്‍ ഫോണിലുണ്ടായിരുന്നു. എട്ട് മാസത്തിന് ശേഷം ലഭിച്ച ലാപ്‌ടോപ്പും ശൂന്യമായിരുന്നു. സിനിമകളും ചിത്രങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ നയന കഴുത്തില്‍ കുടുക്കിയ നിലയില്‍ കാണപ്പെട്ട വസ്ത്രത്തിനു പകരം മറ്റൊരു തുണിക്കഷ്ണമായിരുന്നു പോലീസ് നല്‍കിയത്.
ചുരുട്ടിയ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നുവെന്ന് മഹസ്സറില്‍ രേഖപ്പെടുത്തിയ പോലീസ് തിരിച്ചു നല്‍കുമ്പോള്‍ അതെങ്ങനെ കര്‍ട്ടന്‍ തുണിയാകുമെന്ന സംശയം ഇനിയും ബാക്കി. കൂടാതെ മൃതദേഹം അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നുവെന്ന പോലീസിന്‍റെ കണ്ടെത്തല്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് തന്നെ തെറ്റാണെന്ന് ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ തെളിവ് പോലീസ് തന്നെ നശിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്.
മരിച്ച ദിവസം നയനയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്‍റെ മൊഴിയെടുക്കാത്തതും വീട്ടുടമസ്ഥന്‍ സംഭവത്തിന് രണ്ടാം ദിവസം വിദേശത്തേക്ക് പോയതും ദുരൂഹത കൂട്ടുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞുവെന്നാണ് നയനയുടെ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്‍റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.
ഡോ. ബിജുവിന്‍റെ ആകാശത്തിന്റെ നിറം, കമലിന്‍റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്‍റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും അസിസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.