കൊച്ചി: രാജ്യത്തെ നാല് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (NBFC) വായ്പ വിതരണത്തിന് റിസർവ് ബാങ്ക് (Reserve Bank) വിലക്ക് ഏർപ്പെടുത്തി. ആശിർവാദ് മൈക്രോഫിനാൻസ് (Ashirvad Micro Finance), ആരോഹൻ ഫിനാൻഷ്യൽ സർവീസസ് (Arohan Financial Services), ഡി.എം.ഐ ഫിനാൻസ് (DMI Finance), നവി ഫിൻസെർവ്വ് (Navi Finance) എന്നിവയ്‌ക്കെതിരെയാണ് നടപടി. റിസർവ് ബാങ്ക് നിർദേശങ്ങൾ മറികടന്ന് അമിതമായ പലിശ അന്യായമായി ഈടാക്കിയതാണ് ഈ സ്ഥാപനങ്ങൾക്ക് വിനയായത്. വായ്പാ വിതരണത്തിൽ ഇവർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റിസർവ് ബാങ്ക് കണ്ടെത്തി. ഈ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെ (NBFC) ബിസിനസ് നിയന്ത്രണങ്ങൾ 2024 ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്‌സ് കമ്പനിയിൽ നിന്ന് പുറത്തായതിന് ശേഷം ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാൽ (Sachin Bensal) ആണ് നവി സ്ഥാപിച്ചത്, ആശിർവാദ്(Ashirvad) മണപ്പുറം ഫിനാൻസി(Manappuram Finance)ന്റെ അനുബന്ധ സ്ഥാപനമാണ്.
ഈ കമ്പനികളുടെ പ്രൈസിങ്ങ് പോളിസി, അവരുടെ വെയ്റ്റഡ് ആവറേജ് ലെൻഡിംഗ് റേറ്റ് (WALR), ഫണ്ടുകളുടെ മൂല്യത്തിൽ ഈടാക്കുന്ന പലിശ എന്നിവയെ സംബന്ധിച്ച് ലഭിച്ച സുപ്രധാന തെളിവുകളുടെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടിയെന്ന് ആർബിഐ സർക്കുലറിൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനികളുടെ പ്രവർത്തന സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും ന്യായമായതും സുതാര്യവുമായ പലിശ നിർണ്ണയം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റിസർവ് ബാങ്ക് കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. മൈക്രോ ഫിനാൻസിൽ ഇടാക്കുന്ന അമിത പലിശയും കൊള്ളയടിയും തുടർന്നതിനാലാണ് ഈ നടപടി. മൈക്രോ ഫിനാൻസ്, ഇൻകം റെക്കഗ്നിഷൻ & അസറ്റ് ക്ലാസിഫിക്കേഷൻ (ഐആർ & എസി) മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും ക്രമക്കേടുകൾ കണ്ടെത്തി. വായ്പകളുടെ സുതാര്യത, സ്വർണ്ണ വായ്പാ പോർട്ട്ഫോളിയോയുടെ നടത്തിപ്പ്, പലിശ നിരക്കുകളും ഫീസും സംബന്ധിച്ച റിസർച്ച് ബാങ്ക് നിർദേശിച്ച മാനദണ്ഡങ്ങൾ, കോർ ഫിനാൻഷ്യൽ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് എന്നിവയും വിലക്കിന് കാരണമായെന്ന് റിസർച്ച് ബാങ്ക് വ്യക്തമാക്കി.