കൊച്ചി : പല നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളുടെയും (NBFC) ഇപ്പോഴത്തെ പ്രവര്‍ത്തനം അത്ര സുഖകരമല്ല. എങ്ങനെയും ജനങ്ങളുടെ കയ്യിലുള്ള പണം പിടിച്ചുപറിക്കുക എന്ന ലക്ഷ്യവുമായാണ് ചിലര്‍ നീങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി NCD പ്രഖ്യാപിച്ചത്. വന്‍ സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുകയാണ് ഈ കമ്പിനി. പല ബ്രാഞ്ചുകളും രാത്രിയില്‍ അടച്ചുപൂട്ടുകയാണ്. വാടകയും വൈദ്യുതി ചാജ്ജും പോലും നല്‍കാതെ അര്‍ദ്ധരാത്രിയില്‍ ഓഫീസ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോകുന്ന ഈ കമ്പിനിയാണ് വീണ്ടും ജനങ്ങളുടെ മുമ്പില്‍ NCD യുമായി വന്നിരിക്കുന്നത്.
സ്വന്തമായി NBFC ഉണ്ടെങ്കിലും ഇപ്പോള്‍ മറ്റൊരു കല്‍ക്കട്ട കമ്പിനിയുടെ പേരിലാണ് നിക്ഷേപ തട്ടിപ്പിന് കോപ്പുകൂട്ടുന്നത്. നിലവിലുള്ള NBFC യിലൂടെ വര്‍ഷങ്ങളായി കോടികളുടെ NCD നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം മടക്കിനല്കാതെ തുടര്‍ച്ചയായി അവധി പറയുന്ന ഇവര്‍, കല്‍ക്കട്ടയിലുള്ള മറ്റൊരു കമ്പിനിയെ മുന്നില്‍ നിര്‍ത്തി അതിലേക്ക് നിക്ഷേപങ്ങള്‍ ഒഴുക്കി മാറ്റുവാനാണ് നീക്കം. ഇപ്പോള്‍ ഈ കല്‍ക്കട്ട കമ്പിനിയുടെ NCD യാണ് പുറത്തിറക്കുന്നത്. തിരികെ നല്‍കാന്‍ കഴിയാതിരുന്ന NCD നിക്ഷേപങ്ങള്‍ ഈ കമ്പിനിയുടെ NCD കളായി പുതുക്കി നല്‍കും. ഇതോടെ നിക്ഷേപം മടക്കിനല്കുന്നതിന് വീണ്ടും സാവകാശം ലഭിക്കും. കാലക്രമേണ കല്‍ക്കട്ട കമ്പിനി നഷ്ടത്തിലാകു(ക്കു)കയും പൂട്ടിക്കെട്ടുകയും ചെയ്യും. ഇതോടെ നിക്ഷേപകരുടെ കോടികളും ആവിയായിപ്പോകും.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആ കമ്പിനിയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിരിക്കണം. വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണമാണെങ്കില്‍ ഏതൊരു നിക്ഷേപകനും ഇപ്രകാരം ചെയ്തിരിക്കും. പണം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ മുമ്പ് ഇടപാടുകള്‍ നടത്തിയവരെ കണ്ടെത്തി അവരോട് അഭിപ്രായം ആരാഞ്ഞാല്‍ അത് ഗുണകരമാകും. മറ്റൊന്ന് ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ്. ഗൂഗിളില്‍ കയറി കമ്പിനിയുടെ പേര് അടിച്ചുകൊടുത്താല്‍ ഈ കമ്പിനിയെക്കുറിച്ചുള്ള നെഗറ്റീവും പോസിറ്റീവുമായ വിവരങ്ങള്‍ ലഭിക്കും. ഇപ്രകാരം കമ്പിനി ചെയര്‍മാന്റെ പേരും നല്‍കി വിവരങ്ങള്‍ പരതാം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ എപ്പോഴും ഇന്റര്‍നെറ്റില്‍ ഉണ്ടാകുമെന്നതിനാല്‍ ഇവയൊക്കെ സസൂഷ്മം വായിക്കുക. കോടതി കേസുകളോ വിധികളോ ഉണ്ടോയെന്ന് വ്യക്തമായി പരിശോധിക്കുക. കമ്പിനിയുടെ സ്റ്റാര്‍ റേറ്റിങ്ങും റിവ്യൂസും കണ്ട് തല പെരുക്കേണ്ട. ആയിരക്കണക്കിന് സ്തുതിപാഠകര്‍ അവിടെ തങ്ങളുടെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതൊക്കെ പണം നല്‍കി ചെയ്യിച്ചതാണെന്ന് മനസ്സിലാക്കുക. ഇതിനുവേണ്ടി നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ ബ്രാഞ്ചുകളിലെ ജീവനക്കാരുടെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും എന്തെന്ന് പരിശോധിക്കുക. ജീവനക്കാര്‍ ആരാണെന്നും എവിടെ ഉള്ളതാണെന്നും ചോദിച്ചറിയുക, ഒപ്പം കമ്പിനിയുടെ എല്ലാ വിവരങ്ങളും. കമ്പിനിയുടെ ബ്രാഞ്ചുകള്‍ എത്രയുണ്ടെന്നും അവ എവിടെയൊക്കെ ആണെന്നും മനസ്സിലാക്കുക. കമ്പിനിയുടെ ബിസിനസ്സുകള്‍ എന്തൊക്കെയാണെന്ന് ചോദിച്ചറിയുക. നിക്ഷേപമായി ലഭിക്കുന്ന പണം സുരക്ഷിതമായി ബിസിനസ്സില്‍ വിനിയോഗിച്ചെങ്കില്‍ മാത്രമേ പലിശയും മുതലും മടക്കി നല്‍കുവാന്‍ കഴിയൂ. അത് എങ്ങനെയാണ് ഇവര്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കുക. NBFC കളുടെ പ്രധാന ബിസിനസ് സ്വര്‍ണ്ണ പണയവും മൈക്രോ ഫിനാന്‍സ് ലോണുകളുമാണ്. മൈക്രോ ഫിനാന്‍സ് ലോണുകള്‍ ചുരുക്കംചില കമ്പിനികള്‍ മാത്രമാണ് നല്‍കുന്നത്. ബഹുഭൂരിപക്ഷവും സ്വര്‍ണ്ണ പണയ ബിസിനസ്സുകള്‍ മാത്രമാണ് ചെയ്യുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന പലിശകൊണ്ട് ഒരു ബ്രാഞ്ചിന്റെ ചിലവുകള്‍പോലും നടത്തുവാന്‍ കഴിയില്ല. കഴിഞ്ഞ 4 മാസമായി സ്വര്‍ണ്ണ പണയ ഇടപാടുകള്‍ തീരെ ഇല്ലെന്നുതന്നെ പറയാം. അപ്പോള്‍ സ്വര്‍ണ്ണപ്പണ ബിസിനസ്സിലൂടെ ലാഭം ഉണ്ടാക്കി നിക്ഷേപകര്‍ക്ക് പലിശയും മുതലും നല്‍കുമെന്ന് പറഞ്ഞാല്‍ അത് നിക്ഷേപകരെ വിഡ്ഢികളാക്കുകയാണ്.
കമ്പിനിയുടെ ഡയറക്ടര്‍മാര്‍ ആരൊക്കെയാണെന്നും ഇവരുടെ പില്‍ക്കാല ചരിത്രം എന്താണെന്നും ഇവര്‍ എവിടെയാണ് താമസിക്കുന്നതെന്നും മനസ്സിലാക്കുക. ചെയര്‍മാന്റെയും ജനറല്‍ മാനേജരുടെയും ഫോണ്‍ നമ്പരും വിലാസവും നിര്‍ബന്ധമായും വാങ്ങുക. ഇവരെ നേരില്‍ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുക. കാരണം നിങ്ങള്‍ പണം നല്‍കുന്നത് കമ്പിനി ഉടമക്കാണ്. നിങ്ങളോട് പണം കടം വാങ്ങുന്നയാള്‍ എവിടെയാണ് താമസിക്കുന്നതെന്നും അയാള്‍ ആരെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. അയാളെ ഫോണില്‍ വിളിച്ചാല്‍ കിട്ടണം. ബ്രാഞ്ചുകളിലെ ജീവനക്കാര്‍ വെറും ഉപകരണങ്ങളാണ്. കമ്പിനി അടച്ചുപൂട്ടിയാല്‍ കൈമലര്‍ത്തി കാണിക്കുവാനേ ഇവര്‍ക്ക് കഴിയൂ. അതുകൊണ്ടുതന്നെ ഇവരുടെ ഉറപ്പും വാഗ്ദാനങ്ങളുമൊന്നും മുഖവിലക്ക് എടുക്കേണ്ടതില്ല. കമ്പിനി ഉടമയെ നേരിട്ട് കാണണം എന്നുണ്ടെങ്കില്‍ അതിനും മടിക്കേണ്ടതില്ല. നിങ്ങള്‍ പണം നിക്ഷേപിക്കുന്ന ബ്രാഞ്ചില്‍ വെച്ച് മാത്രം കാണുക. കമ്പിനിയില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെങ്കില്‍ മാത്രം പണം നിക്ഷേപിക്കുക. ഒരിക്കലും പണമായി നല്‍കരുത്. ബാങ്കില്‍ നിന്നും ട്രാന്‍സ്ഫെര്‍ മാത്രം നല്‍കുക.>>> നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. >>> തുടരും ……