കോട്ടയം : കാലാകാലങ്ങളായി മത്സരിച്ച് ജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്‌റ്റര്‍. പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ല. ജയിച്ച പാര്‍ട്ടി, തോറ്റ പാര്‍ട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് പീതാംബരന്‍ മാസ്‌റ്റര്‍ പ്രതികരിച്ചു.
എ.കെ ശശീന്ദ്രന്‍ പറഞ്ഞിട്ടാണ് ഒറ്റപ്പെട്ട യോഗങ്ങള്‍ നടക്കുന്നതെന്ന് കരുതുന്നില്ല. പാല സീറ്റ് വിട്ടുകൊടുക്കില്ല. പാലായില്‍ കഴിഞ്ഞ 20 വര്‍ഷംകൊണ്ട് ക്രമമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെടുത്തി വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണിത്. കെഎം മാണിക്കെതിരെ വര്‍ഷങ്ങളായി മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു. മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവസാന തെരഞ്ഞെടുപ്പില്‍ 4700 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. കെഎം മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപി വിജയിക്കുകയും ചെയ‌്തു. എന്നിട്ടിപ്പോള്‍ ജയിച്ച പാര്‍ട്ടി, തോറ്റപാര്‍ട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അതിന് ന്യായീകരണമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ‌്നമേയില്ല. കാലങ്ങളായി മത്സരിച്ച് വിജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നും പീതാംബരന്‍ മാസ്‌റ്റര്‍ പറഞ്ഞു.
അതേസമയം പാലാ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിടുന്നെങ്കില്‍ തടയേണ്ടെന്നാണ് സിപിഎം തീരുമാനം. എല്‍ഡിഎഫിലിരിക്കെ, യുഡിഎഫുമായി എന്‍സിപി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്.