ന്യൂഡല്‍ഹി : സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന് ‘നിപുണ്‍ മിഷ’ന്‍റെ ഭാഗമായാണ് എന്‍സിഇആര്‍ടി സര്‍വേ നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് നിപുണ്‍ മിഷന്‍. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.
സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മലയാളം ശരിയായി വായിക്കാനും മനസിലാക്കാനും (ശരാശരിക്ക് മുകളില്‍) കഴിയുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടികള്‍ക്ക് ഒരു മിനിറ്റില്‍ 51 വാക്കുകളോ അതില്‍ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം കുട്ടികള്‍ ശരാശരിക്ക് അടുത്ത പ്രകടനം കാഴ്ചവെച്ചു. അവര്‍ക്ക് ഒരു മിനിറ്റില്‍ 28 മുതല്‍ 50 വാക്കുകള്‍ വരെ വായിക്കാനും മനസിലാക്കാനും സാധിച്ചു.
ബാക്കിയുള്ള 56 ശതമാനം കുട്ടികള്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസിലാക്കാനോ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടികളില്‍ 17 ശതമാനം പേര്‍ക്ക് ഒരു മിനിറ്റില്‍ പത്തില്‍ കൂടുതല്‍ വാക്കുകള്‍ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ കുട്ടികള്‍ക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. അതിനാല്‍ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിലുള്ള പ്രാവീണ്യം വളരെ കുറവാണെന്നും എന്‍സിഇആര്‍ടി റിപ്പോര്‍ട്ട് പറയുന്നുണ്ട്. 18 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 53 ശതമാനം പേര്‍ക്കും ഹിന്ദി വായിക്കുന്നതിലും മനസിലാക്കുന്നതിലുമുള്ള കഴിവ് പരിമിതമാണ്.