ഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങവേ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ റോഡ്, റെയില്‍, തുറമുഖം, വിമാനത്താവളം, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഫ്‌ലാഗ് ഓഫും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ രാജ്യത്ത് 15-ലധികം പുതിയ റൂട്ടുകളില്‍ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 15 ആഴ്ചയ്ക്കിടെ 15 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്. ഓരോ ആഴ്ചയിലും ഓരോ വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചെന്നാണ് ഇതിനര്‍ത്ഥമെന്നും ഈ 100 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ ശൃംഖല വിപുലീകരിച്ചത് അതിശയിപ്പിക്കുന്ന വേഗത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ 100 ദിവസങ്ങളില്‍ പ്രതിപക്ഷം തന്നെ അപമാനിച്ചെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ പരിഹാസങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ലെന്നും ഈ കാലയളവില്‍ സര്‍ക്കാരിന്റെ അജണ്ടകള്‍ പൂര്‍ത്തീകരിക്കുന്നത് ഉറപ്പാക്കാനാണ് താന്‍ ശ്രമിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ത്ത് ജനങ്ങളെ വിഭജിക്കാനാണ് ചില പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജൂണ്‍ 9നാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റത്. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന സെപ്റ്റംബര്‍ 17ന് നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനം കൂടിയാണെന്നതാണ് മറ്റൊരു സവിശേഷത.