കൊച്ചി : നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ ഉടമസ്ഥതയിലുള്ള Nedstar Gold Loan സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിത്തുടങ്ങി. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, റാന്നി, കുറ്റപ്പുഴ ബ്രാഞ്ചുകള്‍ കഴിഞ്ഞദിവസം രാത്രി അടച്ചുപൂട്ടി ഉപകരണങ്ങള്‍ കൊണ്ടുപോയി. വാടകയോ വൈദ്യുതി ചാര്‍ജ്ജോ നല്‍കിയിട്ടില്ലെന്നാണ് വിവരം. ജീവനക്കാര്‍ നിക്ഷേപകരുടെ വീടുകളില്‍ കയറിയിറങ്ങി ഫോമുകളിലും വെള്ളക്കടലാസിലും ഒപ്പിട്ടുവാങ്ങുന്നുണ്ടെന്നാണ് വിവരം. റിസര്‍വ് ബാങ്കിന്റെ ഫോമുകള്‍ ആണെന്നാണ് ജീവനക്കാര്‍ പറയുന്നത്. മിക്കവരും ഈ ഫോമുകളില്‍ ഒപ്പിട്ടു കൊടുക്കുന്നുണ്ട്. പല വീടുകളിലും സ്ത്രീകള്‍ മാത്രമാണ് ഇവര്‍ ചെല്ലുമ്പോള്‍ ഉള്ളത്. ഓരോ ബ്രാഞ്ചിലും ഈ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീവനക്കാരുടെ ശമ്പളം കൊടുക്കൂ എന്നാണ് മാനേജ്മെന്റ് നിലപാടെന്നാണ് വിവരം.
നിരവധിയാളുകളുടെ പണയ സ്വര്‍ണ്ണം ബ്രാഞ്ചുകളിലുണ്ട്. അതുപോലെ നിക്ഷേപങ്ങളും. പല ബ്രാഞ്ചുകളും നേരം പുലരുമ്പോള്‍ അടഞ്ഞുകിടന്നാല്‍ അതില്‍ ആശ്ച്ചര്യപ്പെടാന്‍ ഒന്നുമുണ്ടാകില്ല. സാഹചര്യം ഇങ്ങനെയാണെങ്കിലും Casio Retailer Pvt. Ltd. എന്ന NBFC യിലൂടെ NCD നിക്ഷേപം സമാഹരിക്കുവാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. 72 മാസംകൊണ്ട് പണം ഇരട്ടിയാക്കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. പരമാവധി നിക്ഷേപം സമാഹരിക്കുവാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇവര്‍ മുമ്പ് വാങ്ങിയ NCD നിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും NCD യിലൂടെ നിക്ഷേപം സമാഹരിക്കുന്നത്.
തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്റെ സഹോദരന്‍ എന്‍.എം.ജയിംസിന്റെയാണ് NEDSTAR ഗ്രൂപ്പ് സ്ഥാപനങ്ങള്‍. രണ്ടു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയത് 220 ലധികം ബ്രാഞ്ചുകളാണ്. നിക്ഷേപമായി ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ടാണ് ഈ ശാഖകള്‍ തുറന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു Nedstar ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍. പത്തനംതിട്ട മീഡിയാ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജവാര്‍ത്ത ആണെന്നു പറഞ്ഞ് പല നിക്ഷേപകരും അവഗണിച്ചു. പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് വ്യാജ വാര്‍ത്തയാണെന്ന് പ്രചരിപ്പിച്ചത്.
പത്തോളം കമ്പനികളാണ് ജയിംസിനും കുടുംബത്തിനുമുള്ളത്. NCD യിലൂടെ കോടികള്‍ കൊയ്യാന്‍ നെടുമ്പറമ്പില്‍ എന്‍.എം ജയിംസ് വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. എന്ന NBFC യും സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം കമ്പനികളുണ്ട്. ഫിനാന്‍സ്, ചിട്ടി, നിധി, എന്‍.ബി.എഫ്.സി എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും ഇതൊക്കെ. നാലുമുതല്‍ ആറു കമ്പനികള്‍ വരെ ഇങ്ങനെ പലര്‍ക്കുമുണ്ടാകും. എന്നാല്‍ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെ ദുരൂഹതകള്‍ ഇക്കാര്യത്തിലുണ്ട്. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE INDIA Pvt. Ltd. നെടുംപറമ്പില്‍ എന്‍.എം ജയിംസിനെയോ ഓഫീസിലെ പ്രധാന ജീവനക്കാരെയോ ബന്ധപ്പെടുവാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതിനാല്‍ ഇവരുടെ പ്രതികരണം ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതികരണം ലഭിക്കുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതായിരിക്കും. >>> തുടരും >>> മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ സ്ഥാപനവും അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്
—
നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].