തിരുവനന്തപുരം : തന്നെ തോൽപിക്കാൻ ഗൂഢാലോചന നടത്തിയത് മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവിയാണെന്ന് നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്ത്. തനിക്ക് വേണ്ടി അല്ലാതെ മറ്റൊരാൾക്ക് വേണ്ടിയും പ്രവർത്തിക്കില്ലെന്ന ശീലമാണ് പാലോട് രവിക്ക് ഉള്ളത്. താൻ രാഷ്ട്രീയക്കാരനായി ഇരുന്ന് കൊണ്ട് ഒരു രൂപ പോലും അനധികൃതമായി സമ്പാദിച്ചിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും തന്റെ പേരിൽ ഇല്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
തന്റെ കൈകൾ ശുദ്ധമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരിൽ നിന്നോ ക്വാറി മുതലാളിമാരിൽ നിന്നോ താൻ പണം വാങ്ങിയിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനെ നേരിൽ കണ്ട് കാര്യങ്ങൾ അറിയിക്കും. സാധാരണ കോൺഗ്രസ്കാരനായി ഉണ്ടാകുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാലോട് രവി ഉൾപ്പെടെയുള്ളവരാണെന്ന ആരോപണവുമായി ഇന്നലെ പരസ്യമായി രംഗത്തെത്തിയ പ്രശാന്തിനെ പാർട്ടി പുറത്താക്കിയിരുന്നു