കൊച്ചി: കള്ളക്കടത്തിന് വീണ്ടും പുതുവഴികൾ തേടി സ്വർണക്കടത്ത് സംഘം. ഇത്തവണ കാർഗോ വഴി അയച്ച ഈന്തപ്പഴത്തിന്റെ കുരുവായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ദുബായിൽ നിന്ന് സലാഹുദ്ദീൻ എന്നൊരാൾ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ അയച്ചതാണ് കാർഗോ. സ്കാനറിലെ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പാക്കറ്റ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളിൽ കുരുവിന്റെ രൂപത്തിലും വലുപ്പത്തിലും സ്വർണം ഒളിപ്പിച്ചിരുന്നതു കണ്ടെത്തിയത്. ഈന്തപ്പഴം പൊളിച്ച് പേപ്പറിൽ പൊതിഞ്ഞ സ്വർണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. 6 സ്വർണ കുരുവാണ് ലഭിച്ചത്.
യഥാർഥ കുരുവുള്ള ഈന്തപ്പഴങ്ങളും പാക്കറ്റിൽ ഉണ്ടായിരുന്നു. ആകെ 60 ഗ്രാം തൂക്കമാണ് പിടിച്ചെടുത്ത സ്വർണത്തിന്. 3 ലക്ഷം രൂപ വില വരും. ഫ്ലോഗോ ലോജിസ്റ്റിക്സ് എന്ന ഏജൻസി വഴിയാണ് കാർഗോ അയച്ചിരിക്കുന്നത് മുഹമ്മദ് സെയ്ദിന് വേണ്ടി മറ്റ് 2 പേർ ആണ് കാർഗോ വാങ്ങാൻ വിമാനത്താവളത്തിൽ എത്തിയത്. ഇത്തരത്തിൽ കാർഗോ വഴി സ്വർണം അയച്ചാൽ പിടിക്കപ്പെടുമോ എന്ന് മനസ്സിലാക്കാനുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ടെസ്റ്റ് ഡോസ് മാത്രമാകും ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം.