കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഡിജിസിഎയും കോസ്റ്റ്ഗാര്‍ഡും അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഹെലികോപ്റ്റര്‍ പരിശീലനപ്പറക്കലിന് തയ്യാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം സംഭവിക്കുകയായിരുന്നു. 12:25നുണ്ടായ അപകടത്തെ തുടര്‍ന്ന് അടച്ചിട്ട റണ്‍വേ രണ്ട് മണിക്കൂറിന് ശേഷമാണ് തുറന്നത്. മൂന്ന് കോസ്‌റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്‍ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടര്‍ പറത്തിയത്. കമാണ്ടന്റ് സി.ഇ.ഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ സുനില്‍ ലോട്ലക്ക് അപകടത്തില്‍ പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങള്‍ വൈകിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് ആണ് അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിന്ന് ഏകദേശം അഞ്ച് മീറ്റര്‍ മാറിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. തകര്‍ന്ന ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ നീക്കി സുരക്ഷാ പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ആരംഭിച്ചത്.