കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ ഉള്‍പ്പെട്ട ആറ് പോലീസുകാരെയും പ്രോസിക്യൂട്ട് ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇവരെ പിരിച്ചു വിടാന്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനം.
നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പു കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശിയായ രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നെടുങ്കണ്ടം സ്റ്റേഷനിലെ 52 പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മരണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.