കോന്നി : കൂടൽ നെടുമൺകാവ് ജംഗ്ഷൻ മുതൽ ഗാന്ധി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ വർധിച്ചിട്ടും നടപടിയില്ല. മുൻ വർഷങ്ങളിൽ അടക്കം നിരവധി വാഹനാപകടങ്ങൾ ആണ് നടന്നിട്ടുള്ളത്. ശബരിമല മണ്ഡലകാലത്താണ് ഈ ഭാഗത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. 2023 ൽ ശബരിമല അയ്യപ്പ ഭക്തരുടെ വാഹനം നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിച്ച് 5 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റിരുന്നു. ഇതിന് മുൻപ് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞും അയ്യപ്പ ഭക്തന് പരിക്കേറ്റു. ഇരുചക്ര വാഹ്‌ന യാത്രക്കാർ അപകടത്തിൽ പെട്ടതും അനവധിയാണ്. ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പരിക്കേൽക്കാതെ രക്ഷപെട്ട സംഭവങ്ങളും ഒട്ടേറെയുണ്ട്.
നിരവധി വാഹനാപകടങ്ങൾ നടന്നിട്ടും റോഡിലെ അപകടകരമായ വളവുകളുള്ള ഭാഗങ്ങളിൽ ദിശാ സൂചികകകൾ സ്ഥാപിക്കുകയോ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. നെടുമൺകാവ് ജംഗ്ഷൻ ഭാഗത്ത് റോഡിനു വീതി കുറവായതും അപകടങ്ങൾ വർധിപ്പിക്കുന്നു. ശബരിമല മണ്ഡലകാലം ആരംഭിച്ചുകഴിഞ്ഞാൽ തിരുവനന്തപുരം, കൊല്ലം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം നിരവധി അയ്യപ്പ ഭക്തർ ആണ് ഈ വഴി കടന്നു വരുന്നത്. മണ്ഡലകാലത്ത് ഒട്ടേറെ അപകടങ്ങളും വർധിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾ വർധിപ്പിക്കുന്നു. രാത്രിയിലും പുലർച്ചെയുമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. വാഹനങ്ങളുടെ അമിത വേഗത കുറക്കുവാൻ പലയിടത്തും ക്യാമറകൾ സ്ഥാപിക്കണം എന്നും ആവശ്യം ഉയരുന്നു. കോന്നി താലൂക്ക് വികസന സമിതിയിൽ അടക്കം ഈ വിഷയം ഉയർന്നു വന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.