തിരുവനന്തപുരം : സ്വര്‍ണ വ്യാപാരശാലകള്‍ ആഴ്ചയില്‍ മൂന്നു ദിവസം തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാരണം കഴിഞ്ഞ ഒരുമാസമായി സ്വര്‍ണാഭരണശാലകള്‍ അടഞ്ഞുകിടക്കുകയാണ്.
ചെറുതും വലുതുമായ പതിനയ്യായിരത്തോളം സ്വര്‍ണ വ്യാപാരികള്‍ അയ്യായിരത്തോളം സ്വര്‍ണാഭരണ നിർമ്മാണ സ്ഥാപനങ്ങള്‍ നൂറുകണക്കിന് ഹോള്‍ സെയില്‍ വ്യാപാരികള്‍ ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വര്‍ണ വ്യാപാരശാലകള്‍ തുറക്കാത്തതിനാല്‍ അനുബന്ധ മേഖലയിലടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വ്യാപാരശാലയിലെ ജീവനക്കാര്‍, നിർമ്മാണ മേഖലയിലെ സ്വര്‍ണപ്പണിക്കാര്‍, അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവരടക്കം മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. 10 ലക്ഷത്തോളം ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ തുറക്കാമെന്ന ഉത്തരവ് സ്വര്‍ണാഭരണ മേഖലയില്‍ പ്രായോഗികമല്ലെന്നും ഓണ്‍ലൈന്‍ വ്യാപാരവും ഡോര്‍ ഡെലിവറിയും സ്വര്‍ണ മേഖലയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണെന്നും കൂടാതെ അപ്രായോഗികവുമാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ പറയുന്നു.
സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പഴയ സ്വര്‍ണം വിറ്റഴിച്ച് ബാങ്ക് ബാധ്യതകളും മറ്റും തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സ്വര്‍ണക്കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.