ന്യൂഡല്‍ഹി: ബിരുദ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി) ആഗസ്ത് ഒന്നിന് നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവുരീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെയാവും നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒരുതവണ മാത്രമായിരിക്കും പരീക്ഷ നടത്തുക.
ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷ സര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്‌എംഎസ്, ബിയുഎംഎസ്, ബിഎച്ച്‌എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് നീറ്റ് (യുജി) 2021 പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി എന്നിവയുള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
നീറ്റ് 2021 നുള്ള അപേക്ഷാ ഫോം ntaneet.nic.in ല്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മര്‍) എന്നിവിടങ്ങളിലെ എംബിബിഎസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് വഴിയാണ് നടക്കുന്നത്. ആയുഷ്, ബിവിഎസ്‌സി, എഎച്ച് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും നീറ്റാണ് പരിഗണിക്കുന്നത്.