പത്തനംതിട്ട : ഒറിജിനൽ ഏതെന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നീരേറ്റുപുറം പമ്പ ജലമേളയില്‍ ഹൈക്കോടതിയും ജില്ല ഭരണകൂടവും ഇടപ്പെട്ടു. ഉത്രാടം നാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജലമേള നിരോധിച്ചു. തിരുവോണം നാളില്‍ മേള നടത്താന്‍ അനുമതിയും നല്കി. പമ്പ ബോട്ട് റേസിന്റെ നേതൃത്വത്തിൽ കെ. സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പയില്‍ സെപ്റ്റംബർ14 ന് നിശ്ചയിച്ച ഉത്രാടം തിരുനാള്‍ ജലമേള നിരോധിച്ചതായി കലക്ടര്‍ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. ചർച്ച നടത്തി പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ല പൊലിസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.
ബിജെ.പി നേതാവ് വിക്ടര്‍ ടി. തോമസ് പ്രസിഡന്റായ പമ്പ ബോട്ട് റേസ്, പ്രകാശ് പനവേലി നേതൃത്വം നല്കുന്ന നീരേറ്റുപുറം ജലോത്സവ സമിതി എന്നിവരാണ് ജലമേളക്ക് അവകാശവാദം ഉന്നയിച്ചത്. 66ാമത് കെ.സി. മാമന് മാപ്പിള ട്രോഫിക്കുള്ള പമ്പ ജലമേള ഉത്രാടം നാളായ 14 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പ ബോട്ട് റേസ് ക്ലബും നീരേറ്റുപുറം ജലമേള തിരുവോണ നാളായ 15 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് നീരേറ്റുപുറം ജലോത്സവ സമിതിയും കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ തിരുവല്ല സബ്കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പമ്പ ബോട്ട് റേസ് ക്ലബ് എന്നപേരില്‍ പി 98/90, പി-274/2007 എന്നീ രജിസ്റ്റര്‍ നമ്പരുകളില്‍ രണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും കോടതി വ്യവഹാരവും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ആറിന് കലക്ടര്‍ രണ്ടു വിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ച് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീയതികളില്‍ നിന്ന് ജലമേള മാറ്റിവെക്കാന്‍ നിര്‍ദേശിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള വള്ളംകളികളില്‍ സംഘര്‍ഷം ഉണ്ടായിട്ടുള്ളതിനാല്‍ ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുള്ളതായി ജില്ല പൊലീസ് മേധാവിയും തിരുവല്ല ഡിവൈ.എസ്.പിയും റിപ്പോര്‍ട്ട് നല്കി. തുടർന്നാണ് ഉത്രാട നാളിലെ ജലോത്സവം നിരോധിച്ചത്.
തിരുവോണം നാളിലെ ജലമേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജനകീയ ട്രോഫിയാകും വിജയികള്‍ക്ക് നല്‍കുകയെന്ന് നീരേറ്റുപുറം ജലോത്സവ സമിതി സംഘാടകർ അറിയിച്ചു. വിക്ടർ ടി. തോമസിന്റെ നേതൃത്വത്തിൽ വള്ളംകളി സംഘടിപ്പിച്ചതോടെ ഇരു ഗ്രൂപ്പുകളായി മാറി. പിന്നീട് പമ്പാ ബോട്ട് റേസ് ക്ലബ് എന്ന പേരിൽ വിക്ടർ ടി. തോമസ് മറ്റൊരു സംഘടന രജിസ്റ്റർ ചെയ്തു. ഇതിനിടെ കെ.സി മാമ്മൻ മാപ്പിള ട്രോഫി വിക്ടറിന്റെ കൈവശത്തിലായി. ട്രോഫി തിരിച്ചെടുക്കാനും ഇടക്കാലത്ത് നടത്തിയ മേളയിലെ അഴിമതി സംബന്ധിച്ചും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നീരേറ്റുപുറം ജലോത്സവ സമിതി ഭാരവാഹികൾ അറിയിച്ചു.