ദില്ലി : കൊവിഡ് വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എഞ്ചിനീയറിംഗ് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തുന്നതില്‍ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. പരീക്ഷ മാറ്റിവെക്കണമെന്നാണ് ആവശ്യം. എന്നാല്‍ വലിയ പ്രതിരോധം ഉണ്ടായിട്ടും പരീക്ഷ നടത്തുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍. ഇതിനകം തന്നെ നീറ്റ് – ജെഇഇ പരീക്ഷകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
660 കേന്ദ്രങ്ങളാണ് ജെഇഇ പരീക്ഷകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഇവിടേക്കായി പത്ത് ലക്ഷം മാസ്‌കുകള്‍, പത്ത് ലക്ഷം ജോഡി കൈയുറകള്‍, 1300 ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്ററുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 6600 സ്‌പോഞ്ചസ്, 3300 സ്‌പ്രേ ബോട്ടില്‍സ് അടക്കം 13 കോടി രൂപയുടെ അധിക തുകയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമേ 3300 ക്ലീനിംഗ് സ്റ്റാഫിനേയും ചുമതലപ്പെടുത്തും. കൊവിഡിന് ശേഷം രാജ്യത്ത് നടത്തുന്ന ആദ്യത്തെ ദേശീയ തല പ്രവേശന പരീക്ഷയാണിത്.
ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ 1 മുതല്‍ 6 വരെയാണ് നടത്തുന്നത്. നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നും. 8.58 ലക്ഷം വിദ്യാര്‍ത്ഥികളാണ് ജെഇഇ പരീക്ഷ എഴുതുന്നത്. ഇത് 1.14 ലക്ഷം ഇന്‍വിജിലേറ്റേര്‍സ് ഉണ്ടാവും. കൊവിഡിന് മുമ്പ് ജെഇഇ പരീക്ഷകള്‍ക്കായി 570 പരീക്ഷ കേന്ദ്രങ്ങളായിരുന്നു പരിഗണനയില്‍. എന്നാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷ നടത്തേണ്ട സാഹചര്യത്തില്‍ കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് 2 ഇന്‍വിജിലേറ്റര്‍ എന്ന നിലയിലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് 2 പേര്‍ എന്ന നിലയില്‍ ക്രമീകരണം പുതുക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.