ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി 2020) മാറ്റിവെച്ചു. മെയ് മൂന്നിനായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്. നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തീരുമാനം.
പരീക്ഷ എഴുതാനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. ഈ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. മെയ് അവസാന വാരം പരീക്ഷ നടത്താന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വിശദ വിവരങ്ങള്‍ പിന്നീടറിയിക്കും. ഏപ്രില്‍ 15ന് ശേഷമാകും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുക.