കൊച്ചി : കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൻ.സി) ഉടമസ്ഥതയിലുള്ള നെഫെർറ്റിറ്റി ക്രൂയിസിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നിജസ്ഥിതിയുമായി കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എം. ഡി. കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.എൻ.സി-യുടെ ഉടമസ്ഥതയിലുള്ള നെഫെർറ്റിറ്റി ക്രൂയിസ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരേയൊരു പാസഞ്ചർ കപ്പലാണ്. എം എസ് ക്ലാസ്സ് 6 (മെർച്ചെന്റ് ഷിപ്പിങ് ആക്ട്) പ്രകാരം രജിസ്റ്റർ ചെയ്ത കപ്പലായ നെഫെർറ്റിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് റൂൾസ് പ്രകാരമാണ് സർവ്വീസ് നടത്തിവരുന്നത്. കപ്പലിന്റെ രജിസ്‌ട്രേഷൻ പ്രകാരം കടലിലേയ്ക്ക് 20 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കുവാൻ കെൽപ്പുള്ള നെഫെർറ്റിറ്റി കൊച്ചിൻ പോർട്ടിന്റെ ഇമ്മിഗ്രേഷൻ ക്ലിയറൻസ് ഒഴിവാക്കുവാനായിട്ടാണ് 12 നോട്ടിക്കൽ മൈൽ അതായത് കടലിലേയ്ക്ക് ഏകദേശം 22 കിലോമീറ്റർ ദൂരം സഞ്ചാരികളെ കൊണ്ടുപോവുന്നത്.
അപകടകരമായി യാത്ര നടത്തി എന്ന് പറയപ്പെടുന്ന 25.05.2025 തീയതിയിൽ പതിവിലും കുറവ് ദൂരം മാത്രമേ കപ്പൽ യാത്രക്കാരുമായി കടലിലേയ്ക്ക് യാത്ര ചെയ്തിട്ടുള്ളു. എൽ എൻ ജി ടെർമിനൽ പിന്നിട്ട് 2 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണ് അന്നേ ദിവസം യാത്രചെയ്തത്. കൊച്ചിൻ പോർട്ടിൽ നിന്നും യാത്രാനുമതി ലഭിച്ചതിനു ശേഷമാണ് കപ്പൽ കടലിലേക്ക് യാത്ര പുറപ്പെട്ടത്. കോസ്റ്റൽ പോലീസ് മറൈൻ ഡ്രൈവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ചെറിയ ടൂറിസ്റ്റ് ബോട്ടുകൾക്ക് നല്കിയ അറിയിപ്പിനെത്തുടർന്നാണ് ഇത്തരമൊരു തെറ്റായ വാർത്ത പ്രചരിക്കാൻ ഇടയായത്. അന്നേ ദിവസം കപ്പലിൽ യാത്രചെയ്ത യാത്രികർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിട്ടില്ല. അവർ എല്ലാ ദിവസത്തേയും ട്രിപ്പുകളെ പോലെത്തന്നെ പാക്കേജിൽ അടങ്ങിയിട്ടുള്ള ഭക്ഷണവും കലാപരിപാടികളും ആസ്വദിച്ച് സന്തോഷപൂർവ്വം മടങ്ങുകയാണ് ഉണ്ടായത്. കടൽ പ്രക്ഷുബ്ദമാണെന്ന് കണ്ട് തിരികെ പോരുമ്പോൾ പരിപാടികൾ ആസ്വദിക്കുന്നതിനുവേണ്ടി വളരെ വേഗത കുറച്ചാണ് കപ്പൽ സഞ്ചരിച്ചത്. കടലിൽ നിർത്തിയിടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എം. ഡി അറിയിച്ചു.