പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ഏപ്രിൽ 22) ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. 22ന് രാവിലെ 11ന് അബാർ ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും. സംസ്ഥാന പ്രവർത്തകസമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. അവഗണനയുടെ നീണ്ട എട്ടു വർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 15 ദിവസം നീണ്ടുനിന്ന സമര പരിപാടികളാണ് എസ്ഡിപിഐ നേതൃത്വത്തിൽ നടന്നുവന്നത്. ഏപ്രിൽ 8 മുതൽ ഏപ്രിൽ 22 വരെ പദയാത്ര, ഇരകളുടെ സംഗമം, വികസന മുരടിപ്പിന്റെ സ്മാരകശിലകൾ, ഫോട്ടോ പ്രദർശനം, ജനകീയ കുറ്റപത്രം, പ്രതിഷേധ ഹർജി, ഹൗസ് ക്യാമ്പയിൻ എന്നിങ്ങനെയുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോട് ഭരണകൂടവും ആറന്മുള എംഎൽഎയും കാലങ്ങളായി അവഗണന തുടർന്നുവരികയാണ്. സംസ്ഥാനം പുരോഗതിയുടെ പാതയിലാണെന്ന് സർക്കാർ ദിനംപ്രതി ആവർത്തിക്കുമ്പോഴും പത്തനംതിട്ട ജില്ലാ ആസ്ഥാനം വികസനം മുരടിച്ച് വളരെയേറെ പിന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വികസനം മാനദണ്ഡമാക്കി മറ്റു 13 ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലാ ആസ്ഥാനം എന്ന നിലയിൽ പത്തനംതിട്ട നഗരം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. അബാൻ മേൽപ്പാലം, ജില്ലാ സ്റ്റേഡിയം, ജനറൽ ആശുപത്രി, സുബല പാർക്ക്, കോഴഞ്ചേരി പാലം, ജില്ലാ ആശുപത്രി, കെഎസ്ആർടിസി ടെർമിനൽ എന്നിങ്ങനെ കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതികളെല്ലാം നാഥനില്ലാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. അഴിമതിയും ഫണ്ട് വിനിയോഗത്തിലെ പാകപ്പിഴയും അശാസ്ത്രീയ നിർമ്മാണവും വികസനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതെന്ന് ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി അറിയിച്ചു.