പാലക്കാട് : ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് അനുകൂലമായി സി.പി.എം അംഗങ്ങൾ വോട്ടുചെയ്ത സംഭവത്തിൽ പാർട്ടി നടപടി. നെന്മാറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രകാശനെ പാർട്ടിയിൽനിന്ന് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ സി.പി.എം കൊല്ലങ്കോട് ഏരിയാകമ്മിറ്റി നൽകിയ ശുപാർശ ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
സംഭവത്തിൽ സി.പി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പ്രകാരം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയംഗവും നെന്മാറ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.പ്രേമൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രകാശൻ എന്നിവരെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഏരിയാകമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് നൽകിയിരുന്നു.
പാർട്ടിനയത്തിന് വിരുദ്ധമായി നിലപാട് സ്വീകരിച്ച് ബി.ജെ.പി ക്ക് അനുകൂലമായി വോട്ട് ചെയ്തത് ഗുരുതര അച്ചടക്കലംഘനമാണെന്നും പാർട്ടിയുടെ ചുമതലയുണ്ടായിരുന്ന കെ.പ്രേമന് വീഴ്ചസംഭവിച്ചുവെന്നും എന്നാൽ സംഭവത്തിൽ നേരിട്ട് പങ്കാളിത്തമില്ലെന്ന് വിലയിരുത്തി കെ.പ്രേമനെതിരായ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നൽകിയില്ല.
എന്നാൽ വോട്ടെടുപ്പിൽ നേരിട്ട് പങ്കാളിയായ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായ സി. പ്രകാശനെതിരെയുള്ള അച്ചടക്ക നടപടി ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഇതോടെ സമാനമായി വോട്ടെടുപ്പിൽ പങ്കാളിയായ ഗ്രാമപ്പഞ്ചായത്തിലെ എട്ട് സി.പി.എം അംഗങ്ങൾക്കെതിരെയും പാർട്ടി നടപടിക്ക് സാധ്യതയുണ്ട്.
20 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. ബി.ജെ.പി.ക്ക് രണ്ട് അംഗങ്ങളുമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സ്ഥാനാർഥിയെ നിർത്താതെ ആറാം വാർഡിൽനിന്ന് വിജയിച്ച ബി.ജെ.പി.യുടെ സുഭജയ്ക്കാണ് സി.പി.എം വോട്ട് നൽകിയത്.