തിരുവനന്തപുരം : നേമം ബിജെപിയില്‍ നിന്നും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി പതിനെട്ടടവും പയറ്റുന്നുണ്ട്. നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കാണാന്‍ ഡല്‍ഹിയില്‍ സ്റ്റേ ചെയ്ത മുരളീധരന്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ മുരളീധരന് തെരഞ്ഞെടുപ്പില്‍ എങ്ങനെ മുന്നേറണമെന്ന ക്ലാസ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേമം അഭിമാന പ്രശ്നമായി തന്നെയാണ് കോണ്‍ഗ്രസ് കാണുന്നത്.
നേമത്ത് ജയിച്ചിരിക്കണം എന്നാണ് രാഹുല്‍ ഗാന്ധി മുരളീധരന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജയിച്ചിരിക്കണമെന്ന നിര്‍ദേശം നല്‍കിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. ആദ്യ ചര്‍ച്ചകളില്‍ മുരളീധരന്റെ പേര് നേമത്തേക്ക് ഉയര്‍ന്നുകേട്ടെങ്കിലും അദ്ദേഹത്തോട് ആരും അഭിപ്രായം ചോദിച്ചിരുന്നില്ല. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് നേമത്ത് മുരളീധരനെ നിര്‍ത്തിയത്.