നേപ്പാള്‍ : വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദമാനിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സഞ്ചാരികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഹോട്ടലിലെ ഹീറ്ററിലെ തകരാറാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
15 അംഗ സംഘമായിരുന്നു നേപ്പാളിലെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഘം ദമാനിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. പതിനഞ്ചംഗ മലയാളി സംഘമാണ് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് മാനേജര്‍ വ്യക്തമാക്കി. രാത്രി ഒമ്പതരയ്ക്കാണ് ഇവരെത്തിയത്. എട്ടു പേര്‍ ഒരുമുറിയില്‍ തങ്ങുകയായിരുന്നു. തുടർന്ന് ഇന്ന് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയുടെ വാതിലുകളും ജനലുകളും ഉൾപ്പെടെ അടച്ചിട്ട നിലയിലായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. രാവിലെയും മുറി തുറക്കാത്തതിലാണ് കൂടെയെത്തിയവരും റിസോര്‍ട്ട് ജീവനക്കാരും മുറിയുടെ വാതില്‍ തകര്‍ത്തത്. അബോധാവസ്ഥയിലായ ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ അധികൃതർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
മധ്യ നേപ്പാളിലെ മക്വാൻപൂർ ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ദമാൻ. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 77 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും 2,322 മീറ്റർ (7,620 അടി) ഉയരത്തിലുള്ള പ്രദേശമാണിത്. ഹിമാലയത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ദമാന്റെ പ്രത്യേകത.