ഹേഗ്: നെതര്‍ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിര്‍മാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 60 ഓളം പേരുമായി പോയ പാസഞ്ചര്‍ ട്രെയിനാണ് പാളം തെറ്റിയത്.
ഹേഗിനടുത്തുള്ള വൂര്‍ഷോട്ടന്‍ പട്ടണത്തില്‍ പുലര്‍ച്ചെ 3:25 ഓടെയാണ് സംഭവം.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി നെതര്‍ലന്‍ഡ്സ് റെയില്‍വേ അറിയിച്ചു. ലൈഡനില്‍ നിന്ന് ഹേഗിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ട്രാക്കിലെ നിര്‍മാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഒരു കോച്ചിന് തീപിടിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.