ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കണമെന്നും ഒരു സാഹചര്യത്തിലും അനുകൂലമായി വോട്ട് ചെയ്യരുതെന്നും ബി.ജെ.പിയുടെ സഖ്യകക്ഷികൾ ഉൾപ്പെടെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളോടും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് അഭ്യർഥിച്ചു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ ബി.ജെ.പിയുടെ വർഗീയ അജണ്ട തടയുന്നതിന് അതിനെതിരെ വോട്ട് ചെയ്യണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി എല്ലാ മതേതര പാർട്ടികളോടും പാർലമെന്റ് അംഗങ്ങളോടും ആവശ്യപ്പെട്ടു. ഈ ബിൽ വിവേചനത്തെയും അനീതിയെയും അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യൻ ഭരണഘടനയുടെ 14, 25, 26 അനുഛേദങ്ങൾ നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
വഖഫ് നിയമങ്ങൾ ദുർബലപ്പെടുത്താനും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും നശിപ്പിക്കാനും വഴിയൊരുക്കുകയാണ് ഈ ബില്ലിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ഹിന്ദു-മുസ്ലീം സാഹോദര്യത്തിനും പരസ്പര മതങ്ങളോടും ആചാരങ്ങളോടും ഉത്സവങ്ങളോടും ഉള്ള പരസ്പര ബഹുമാനത്തിനും നമ്മുടെ രാജ്യം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. നിർഭാഗ്യവശാൽ ഈ സാമുദായിക ഐക്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കാനും അരാജകത്വവും കുഴപ്പങ്ങളും സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ കൈകളിലാണ് നിലവിൽ രാഷ്ട്രം. അതിനാൽ 2024ലെ വഖഫ് ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ ഓരോ പാർട്ടിയും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് മുസ്ലീം പൗരന്മാരെ നിരാശരാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി റഹ്മാനി വ്യക്തമാക്കി.