കൊച്ചി: കൂടുതല്‍ ബാറുകളും മറ്റു മദ്യവില്‌പനശാലകളും തുറക്കുന്ന സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മദ്യ ഉപയോഗം കുറയ്ക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ മദ്യ നിരോധന സമിതി അംഗങ്ങളായ ഖദീജ നര്‍ഗീസ്, ഇ. പത്മിനി, എം.ഡി ഗ്രെയ്സ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശം ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി. പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളി.
സംസ്ഥാനത്തെ സാമ്പത്തിക, സാമൂഹിക നയങ്ങള്‍ എന്താണെന്ന് തീരുമാനിക്കേണ്ടതു സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നയങ്ങള്‍ ഭരണഘടനയ്ക്കോ പൊതുജന താല്‍പര്യങ്ങള്‍ക്കോ വിരുദ്ധമാണെങ്കിലേ കോടതിക്ക് ഇടപെടാനാകൂ. നയം മാറ്റാനും പരിഷ്‌കരിക്കാനും പുതുക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. കൂടുതല്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നെന്ന കാരണത്താല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു പറയാനാകില്ല. സാമ്പത്തിക വിഷയങ്ങളില്‍ കോടതി ഇടപെടലിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ പൊതു താല്‍പര്യത്തെ സ്തീകളുടെയും കുട്ടികളുടെയും അവകാശം മാത്രമായി ചുരുക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെറിയ ശേഷം ബാറുകളുടെ എണ്ണം 20 ഇരട്ടിയായെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.