കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്നു ബന്ധുക്കള്‍. കുട്ടി മരിച്ചതിന് പിന്നാലെ ഡോക്ടര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ക്കും ഗാന്ധിനഗര്‍ പോലീസിലും വീട്ടുകാര്‍ പരാതി നല്‍കി. ആലപ്പുഴ നീലംപേരൂര്‍ ഈര ഐക്കര സഞ്ജു മോള്‍ ദീപുമോന്‍ നമ്പതികളുടെ കുഞ്ഞാണ് ഗര്‍ഭത്തില്‍ മരിച്ചത്.
കഴിഞ്ഞ 14നാണ് പ്രസവത്തിനായി സഞ്ജു മോളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലായിരുന്നു. അതിനാല്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്നു കാണിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കളുടെ അനുമതി എഴുതിവാങ്ങി. എന്നാല്‍ പിന്നീട് രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലായിട്ടും ശസ്ത്രക്രിയ നടത്തിയില്ല.
18 ന് രാവിലെ 8.30 ന് നടത്തിയ പതിവ് പരിശോധനയിലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 12.30 ന് വീണ്ടും നടത്തിയ പരിശോധനയില്‍ കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ഇതിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സഞ്ജു മോളെ പ്രസവ മുറിയിലേക്ക് മാറ്റിയില്ല.
19 ന് ബന്ധുക്കള്‍ പരാതി പറഞ്ഞതോടെയാണു സഞ്ജു മോളെ ലേബര്‍ റൂമിലേക്കു മാറ്റിയത്. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്നു ചികിത്സിച്ച ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞിട്ടില്ലെന്നു പരാതിയില്‍ പറയുന്നു. കുഞ്ഞിനെ പുറത്തെടുക്കാനുള്ള നടപടികളെ കുറിച്ചും ബന്ധുക്കളോട് പറയുന്നില്ല. എന്നാല്‍ പരാതി വാസ്തവമല്ലെന്നു മെഡിക്കല്‍ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയാമ്മ ജോസഫ് പറഞ്ഞു.
സഞ്ജു മോള്‍ക്ക് 19 ന് പ്രസവ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. 18 ന് രാവിലെ നടത്തിയ പരിശോധന വരെ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള പരിശോധനയിലാണ് കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. തുടര്‍ന്ന് ഈ വിവരം ബന്ധുക്കളെ അറിയിച്ചു.
സ്‌കാനിങ്ങില്‍ കുഞ്ഞ് മരിച്ചതായി ബോധ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പ്രസവ ശസ്ത്രക്രിയ നടത്തില്ല. പകരം സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് കാത്തിരിക്കാന്‍ കാരണം. അമ്മയുടെ ഉയര്‍ന്ന രക്ത സമ്മര്‍ദമാകാം ഗര്‍ഭസ്ഥശിശു മരിക്കാന്‍ കാരണം. നിലവില്‍ സഞ്ജു മോള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോ.ലിസിയാമ്മ അറിയിച്ചു.