തിരുവനന്തപുരം : ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അമ്മ അനുപമ എസ് ചന്ദ്രന്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം. പൊലീസിലും വനിതാ കമ്മിഷനിലും വിശ്വാസമില്ലെന്ന് യുവതി പറഞ്ഞു. സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരല്ല. വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടി വേണം. സര്‍ക്കാരിന് മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്ന് അനുപമ വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിന്റെ കാര്യത്തില്‍ ശിശുക്ഷേമ സമിതി കോടതിയില്‍ തെറ്റായ വിവരം നല്‍കിയെന്നാണ് സൂചന.
ദത്ത് നല്‍കിയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ചാണ് ശിശുക്ഷേമ സമിതി സത്യവാങ്മൂലം നല്‍കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് കുടുംബ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കുഞ്ഞ് അനുപമയുടേതാണെന്ന് അറിഞ്ഞുകൊണ്ടാണ് സമിതിയുടെ നടപടിയെന്നാണ് സൂചന.
സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയര്‍പേഴ്സന്‍റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി.