പെരുമ്പെട്ടി : 3.5 കോടി രൂപ ചെലവിൽ നിർമിച്ച എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം കാടുമൂടുന്നു. രണ്ട് ബ്ലോക്കുകളായുള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്ത് രണ്ട് നിലയും മറുഭാഗത്ത് മൂന്നുനിലകളുമാണുള്ളത്. 18,500 ചതുരശ്രയടിയിലുള്ള കെട്ടിടത്തിൽ 3000 ചതുരശ്രയടിയിൽ ഓഡിറ്റോറിയവും 5 സ്മാർട്ട് ക്ലാസ് മുറികളും രണ്ടു പരീക്ഷണശാലകളും, അധ്യാപകർക്കുള്ള മുറികളും ഇരുനിലകളിലും ശുചിമുറികളും താഴത്തെ നിലയിൽ അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്.
പ്രധാന പാതയോരത്ത് സ്കൂളിന്റെ കവാടത്തിന്റെ സംരക്ഷണമതിലിനോടു ചേർന്നഭാഗത്താണ് കാടുകയറിയത്. ഇപ്പോൾ ഭീത്തിയിലൂടെ പടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. ജനൽപാളികളടക്കം വള്ളിപ്പടർപ്പാൽ മറഞ്ഞിരിക്കുകയാണ്. ഈ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചില്ലെങ്കിലും വിദ്യാർഥികൾ ഇതുവഴി സഞ്ചരിക്കുക പതിവാണ്. മഴ ശക്തമാകുന്നതിനു മുൻപ് ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ ഇഴജന്തുക്കളുടെ ശല്യവും കൂടാൻ സാധ്യത. അധികൃതരുടെ അടിയന്തിര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.