ചെന്നൈ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ പുതിയ കപ്പിത്താൻ. നിയമസഭയിൽ കോൺഗ്രസിന്റെ മുഖമായ കെ.സെൽവപെരുന്തകെയെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി അഖിലേന്ത്യാ നേതൃത്വം നിയമിച്ചു. പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് നിയമനം. കോൺഗ്രസിന്റെ പുതിയ നിയമസഭാ കക്ഷി നേതാവായി കിള്ളിയൂർ എംഎൽഎ എസ്.രാജേഷ് കുമാറിനെ തിരഞ്ഞെടുത്തു. വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള നേതാവിന്റെ കൈകളിൽ പാർട്ടിയുടെ നില ഭദ്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലഭിച്ച സ്ഥാനലബ്ധി അദ്ദേഹത്തിന് ഒരേസമയം പ്രതീക്ഷയും വെല്ലുവിളിയും നിറഞ്ഞതാകും.
ശ്രീപെരുംപുത്തൂർ സ്വദേശിയായ സെൽവപെരുന്തകെ പുരട്ചി ഭാരതം കക്ഷിയിലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പുതിയ തമിഴകം പാർട്ടിയിൽ ചേർന്നു. തുടർന്ന് 2008 വരെ വിസികെയിൽ പ്രവർത്തിക്കുകയും എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തോൾ തിരുമാവളവനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിസികെയിൽ നിന്നു രാജിവച്ചു. തുടർന്ന് 2 വർഷം ബിഎസ്പിയിൽ പ്രവർത്തിച്ച ശേഷം 2010ലാണ് കോൺഗ്രസിലെത്തുന്നത്.
കോൺഗ്രസിന്റെ കരുത്തനായ നേതാവായി വളരെ പെട്ടെന്നാണ് പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും സെൽവപെരുന്തകെ സ്വീകാര്യനായത്. ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണെന്നതും സ്വീകാര്യത വർധിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിൽ വൈകാരിക സ്ഥാനമുള്ള ശ്രീപെരുംപുത്തൂരിൽ നിന്നു തുടർച്ചയായി രണ്ടാം തവണയാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.