തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ ഗ്രൂപ്പ് രംഗത്തുവരുന്നു. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ് പുതിയ ഗ്രൂപ്പായി രംഗത്തുവന്നത്. നേരത്തെ കെസി വേണുഗോപാല്‍ ആലപ്പുഴ എംപിയായിരിക്കെ ആലപ്പുഴയില്‍ മാത്രമൊതുങ്ങിയ ഗ്രൂപ്പാണ് ഇപ്പോള്‍ സംസ്ഥാന വ്യാപകമായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എ, ഐ എന്നീ രണ്ടു പ്രബല ഗ്രൂപ്പുകളാണ് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്നത്. ചെറിയ ചെറിയ ഗ്രൂപ്പുകളെല്ലാം പതുക്കെ ഇല്ലാതായി വിശാല ഐ ഗ്രൂപ്പായി അതു മാറിയിരുന്നു. എന്നാല്‍ ഈ രണ്ട് ഗ്രൂപ്പുകള്‍ക്കും അപ്പുറമാണ് പുതിയ ഗ്രൂപ്പ് സംവിധാനം രൂപപ്പെട്ടിരിക്കുന്നത്.
നേരത്തെ ഐ വിഭാഗത്തിനൊപ്പമായിരുന്നു കെസി വേണുഗോപാല്‍. 1987ല്‍ കെഎസ്യു സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയതു മുതല്‍ എംഎല്‍എ, എംപി പദവികളിലേക്ക് വരുന്നതുവരെ ഐ ഗ്രൂപ്പില്‍ വേണുഗോപാല്‍ ഉറച്ചു നിന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നതോടെയാണ് കെസി ഐ ഗ്രൂപ്പില്‍ നിന്നും അകന്നത്. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായതോടെ കെസി വേണുഗോപാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി. ഇതോടെയാണ് കെസി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോണ്‍ഗ്രസിനകത്ത് വര്‍ധിച്ചത്. നേരത്തെ ഐ ഗ്രൂപ്പിനോടൊപ്പമുണ്ടായിരുന്ന പല നേതാക്കളും ഇപ്പോള്‍ കെസി വേണുഗോപാലിനോടൊപ്പമാണ്.
ഇവരില്‍ കെപിസിസി ഭാരവാഹികള്‍ മുതല്‍ ഡിസിസി പ്രസിഡന്റുമാര്‍വരെയുണ്ട്. കേരളത്തിലെ ഗ്രൂപ്പു സമവാക്യങ്ങള്‍ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെ സി വേണുഗോപാലിലാണ് തങ്ങളുടെ പുതിയ രക്ഷകനെ കാണുന്നത്. ഹൈക്കമാന്‍ഡില്‍ ഉള്ള വേണുഗോപാലിനുള്ള ശക്തമായ സ്വാധീനം തന്നെയാണ് ഇതിനു കാരണം. ഒരുകാലത്ത് എകെ ആന്റണിക്ക് ഹൈക്കമാന്‍ഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോള്‍ കെസി വേണുഗോപാലിനുള്ളത്. രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധമാണ് കെസിക്ക് ഉള്ളത്. അതുകൊണ്ടുതന്നെയാണ് കെസി വേണുഗോപാലിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ കണ്ണൂരില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയത്.
കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പിനെ ഗൗരവത്തോടെ തന്നെയാണ് എ, ഐ ഗ്രൂപ്പുകള്‍ കാണുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെസി വേണുഗോപാല്‍. എങ്കിലും കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും കെസി കേരളത്തില്‍ പറന്നിറങ്ങുമോയെന്ന സംശയം പല പ്രമുഖ നേതാക്കള്‍ക്കുമുണ്ട്. പക്ഷേ ഉടനടി അങ്ങനൊരു നീക്കത്തിനില്ലെന്ന് വേണുഗോപാല്‍ തന്നെ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ ഇതിനടുത്ത ടേമില്‍ വേണുവായിരിക്കും കേരളത്തില്‍ പാര്‍ട്ടിയുടെ നായകനെന്നു കരുതുന്നവര്‍ എറെയാണ്. അതിനാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് പ്രതീക്ഷിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ഇപ്പോള്‍തന്നെ കെസി വേണുഗോപാലുമായി ആശയവിനിമയത്തിലാണ്.