ന്യൂഡൽഹി : ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രതയോടെ പഠിച്ചു വരികയാണെന്നു കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
എന്നാൽ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും നിലവിൽ ഇന്ത്യയിൽ പുതിയ വൈറസിന്‍റെ സാന്നിധ്യമില്ലെന്നു ഉറപ്പിച്ചു പറയാനാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. പുതിയ വകഭേദം ആശങ്കയുയർത്തുന്നത് അതിന്‍റെ സാംക്രമികശേഷി കൊണ്ടു മാത്രമാണെന്നും അതിനാൽ തന്നെ മാരകമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജനിതകമാറ്റം വന്ന വൈറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി വർധിക്കുന്നതായി ലാബിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. VUI-202012/01 എന്ന പുതിയ വകഭേദത്തിൽ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്. 70% അധികമാണു സാംക്രമികശേഷി. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
യുഎസിലെ നിയുക്ത സർജൻ ജനറലും ഇന്ത്യൻ വംശജനുമായ ഡോ. വിവേക് മൂർത്തിയും ഇക്കാര്യം ആവർത്തിച്ചു. അതേസമയം യുകെയിൽ കണ്ടെത്തിയ വൈറസിന്‍റെ പുതിയ ഇനത്തിനെതിരെയും ഫൈസർ വാക്സീൻ ഫലപ്രദമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങൾ 27 മുതൽ വാക്സിനേഷൻ ആരംഭിക്കും.