പത്തനംതിട്ട : ഓർത്തഡോക്സ് നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ബിജെപി അംഗത്വം എടുത്തതിനു പിന്നാലെ തുടങ്ങിയ വിവാദങ്ങൾക്ക് പുതിയ മാനം. ഓർത്തഡോക്സ് സഭയിലെ വൈദികൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്തക്കെതിരായ മോശം പരാമർശത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പരിശുദ്ധ കത്തോലിക്കാ ബാവ വിശദീകരണം ചോദിക്കുകയും പ്രവർത്തനങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്ത് കൽപ്പന പുറത്തിറക്കി. ശബ്ദരേഖ വാട്സാപ്പിലൂടെ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിലെ പ്രശ്നങ്ങൾ സങ്കീർണമാകുകയുമാണ്. ബിജെപിയിൽ അംഗത്വമെടുത്ത ഫാദർ ഷൈജു കുര്യനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തർക്കം രൂക്ഷമായത്. വിഷയത്തിൽ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ കൽപ്പനയെ തള്ളിക്കൊണ്ടാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പേരിലുള്ള വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. “കൽപ്പനയ്ക്ക് മറുപടി തരാൻ മനസ്സില്ലെടാ” എന്നുള്ള ആക്ഷേപ ഉള്ളടക്കങ്ങളടങ്ങിയ ശബ്ദസന്ദേശമാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ട കാര്യം സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്നവരോട് വിശദീകരിച്ചിട്ടുണ്ട്. നിക്കോദിമോസ് മെത്രാനച്ചൻ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ പുറത്തുവിടും. എന്റെ പേരിൽ കൽപ്പന ഇറക്കേണ്ട ഒരാവശ്യവും ഇല്ല. വക്കീൽ നോട്ടീസിനുള്ള പ്രതികരണം മാത്രമാണ് എന്റെ ഭാഗത്തുനിന്നുണ്ടായത്. കൽപ്പന മാനിക്കാൻ സാധിക്കില്ല. വസ്തുക്കച്ചവടക്കാരായ അച്ചന്മാരെയാണ് സഭയ്ക്ക് വേണ്ടതെങ്കിൽ അവരെ കൊണ്ടു നടന്നോളൂ…”, എന്നിങ്ങനെയാണ് പ്രചരിക്കുന്ന ശബ്ദ സന്ദേശം.
കഴിഞ്ഞ ദിവസം ചേർന്ന നിലയ്ക്കൽ ഭദ്രാസന കൗൺസിൽ യോഗം ഭദ്രാസന സെക്രട്ടറി സ്ഥാനത്തുനിന്ന് വൈദികനായ ഷൈജു കുര്യനെ ഒഴിവാക്കിയിരുന്നു. ഒപ്പം ഷൈജു കുര്യനെ പ്രതിസ്ഥാനത്തു നിർത്തുന്ന തരത്തിൽ ചില ആക്ഷേപങ്ങൾ പരസ്യമായി ഉന്നയിച്ച ആൾ എന്ന തരത്തിൽ ഡോ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലയ്ക്കൽ ഭദ്രാസനാധിപന്റെ കൽപ്പന കഴിഞ്ഞ ദിവസം ഫാദർ മാത്യൂസ് വാഴക്കുന്നത്തിന് ലഭിച്ചു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ പേരിൽ വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആക്ഷേപ ശബ്ദസന്ദേശം പ്രചരിച്ചത്.