ന്യൂഡല്‍ഹി : വാഹന പുനര്‍വില്‍പ്പന മേഖലയിലെ തട്ടിപ്പുകള്‍ കുറയ്ക്കാനും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി പുതിയ കരട് നിയമവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹന പുനര്‍വില്‍പ്പന നടത്തുന്നവര്‍ അതത് മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടണം. ഡീലര്‍മാര്‍ വഴിയുള്ള ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹനചട്ടങ്ങളിലാണ് ഇതിനായി ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് ഡീലര്‍മാരുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് രജിസ്‌ട്രേഷന്‍. വാഹന ഉടമയില്‍നിന്ന് ഡീലര്‍മാര്‍ വാഹനം ഏറ്റെടുക്കുന്നതുമുതലുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടിവരും. വില്‍പ്പനയ്ക്കായി ഏറ്റെടുക്കുന്ന വാഹനം കൈവശംവെക്കുന്നതിന് ഡീലര്‍മാര്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയ്ക്കുള്ള വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്‌നസ് പുതുക്കല്‍, നഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ രേഖകളുടെ പകര്‍പ്പെടുക്കല്‍, ഔദ്യോഗികരേഖകളിലെ ഉടമസ്ഥത മാറ്റല്‍ തുടങ്ങിയവയ്ക്ക് അപേക്ഷ നല്‍കാന്‍ ഡീലര്‍മാര്‍ക്ക് അധികാരം നല്‍കി. ഈ വാഹനങ്ങള്‍ കൈവശമെത്തിയശേഷം നടത്തിയ യാത്രകളുടെ വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കണം.
രേഖകള്‍ നഷ്ടപ്പെടുകയോ നശിപ്പിക്കുകയോ ചെയ്താല്‍ ഡീലര്‍മാര്‍ നിര്‍ദിഷ്ട മാതൃകയില്‍ അത് അധികൃതരെ അറിയിച്ചിരിക്കണം. വാഹന ഉടമ വാഹനം ഡീലര്‍മാര്‍ക്ക് കൈമാറുമ്പോള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളുള്‍പ്പെടെ 29 സി ഫോമില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മോട്ടോര്‍ വാഹന വകുപ്പിനു നല്‍കണം. ഇതോടെ വാഹനത്തിന്‍റെ താത്കാലിക ഉടമസ്ഥാവകാശം ഡീലര്‍മാര്‍ക്കാകും. തുടര്‍ന്ന് വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഈ ഡീലര്‍ക്കാകും. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന വാഹനം ഡീലര്‍മാര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ടെസ്റ്റ് ഡ്രൈവ്, വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുക, സര്‍വീസിങ്, പെയിന്റിങ്, അറ്റകുറ്റപ്പണി, പരിശോധന തുടങ്ങിയവയ്ക്കായി മാത്രമേ ഇതു പുറത്തിറക്കാവൂ.
പഴയ വാഹനങ്ങള്‍ വില്‍പ്പനയ്ക്കു വരുമ്പോള്‍ ഇതിന്‍റെ താത്കാലിക ഉടമകളായി ഇടനിലക്കാര്‍ മാറുന്നുവെന്നതും പുതിയ മാര്‍ഗനിര്‍ദേശത്തില്‍പ്പെടുന്നു. കരട് നിര്‍ദേശങ്ങളില്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് ഒക്ടോബര്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്.