ചെന്നീർക്കര : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിൽ പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠ നടന്നു. ബുധനാഴ്ച തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യകാർമിത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയായത്. തുടർന്ന് അഷ്ടബന്ധലേപനം, അഷ്ടബന്ധകലശം, പ്രസന്ന പൂജയും എന്നിവയും നടന്നു. ബലിക്കൽപുരയിലെ ചുവർച്ചിത്രം നടി ചിപ്പി രഞ്ജിത്ത് അനാച്ഛാദനം ചെയ്തു. ചിത്രം വരച്ച ആർട്ടിസ്റ്റ് സുബി സപര്യയെ പ്രദീപ് നായർ ആദരിച്ചു. രണ്ടിന് വൈകിട്ട് 4.30-ന് കൊടിമര സമർപ്പണം ഗൗരി പാർവതീഭായി തമ്പുരാട്ടി നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് അജിത് മാന്ത്രമഠം അധ്യക്ഷത വഹിക്കും.
മൂന്നിന് രാവിലെ 10-നും 10.45-നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവര് ഉത്സവത്തിന് കൊടിയേറ്റും. മേൽശാന്തി കെ.എസ്. വിഷ്ണു നമ്പൂതിരി സഹകാർമികത്വം വഹിക്കും. വൈകിട്ട് 5.45-ന് സോപാനസംഗീതം, ഏഴിനും 8.30-നും കൈകൊട്ടിക്കളി. നാലിന് രാവിലെ എട്ടിന് ലളിതാസഹസ്രനാമ ലക്ഷാർച്ചനായജ്ഞം, മൂന്നിന് പുലിപ്പാറ ശിവക്ഷേത്രം, തൂമ്പിൻപാട് നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എഴുന്നള്ളിപ്പ്, രാത്രി 10-ന് വിളക്കെഴുന്നള്ളിപ്പ്. അഞ്ചിന് രാവിലെ ഒൻപതിന് ഉത്സവബലി, 11-ന് ഉത്സവബലിദർശനം, 6.15-ന് സോപാന സംഗീതം, രാത്രി ഏഴിന് തിരുവാതിര, 8.30-ന് ഭരതനാട്യം അരങ്ങേറ്റവും നൃത്തസന്ധ്യയും. ആറിന് വൈകീട്ട് 6.15-ന് സോപാനസംഗീതം, ഏഴിന് നൃത്തനൃത്യങ്ങൾ. രാത്രി 10-ന് വിളക്കൻപൊലി.