കൊച്ചി: സബ്‌സിഡി മണ്ണെണ്ണ വിതരണത്തിനുള്ള പുതിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 80 ശതമാനം കടകളെയും പൂട്ടിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. സബ്സിഡി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷന്‍ കടകള്‍ വഴി മാത്രം വിതരണം ചെയ്യാനാണ് ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പിന്റെ നീക്കം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയത്തില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പുതിയ നടപടി റേഷന്‍ വ്യാപാരികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുമെന്നും മിക്കവരുടെയും കച്ചവടം ഇല്ലാതാക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
ഒരു പഞ്ചായത്തിലെ ചുരുക്കം റേഷന്‍ കടകളില്‍ മാത്രം മണ്ണെണ്ണ എത്തുമ്പോള്‍ ഈ കടകളില്‍ നിന്ന് തന്നെ കാര്‍ഡ് ഉടമകള്‍ അരിയും മറ്റ് സാധനങ്ങളും വാങ്ങിക്കും. ഇത് മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാര്‍ഡുടമകളാണ് മണ്ണെണ്ണയ്ക്ക് അര്‍ഹര്‍. വര്‍ഷത്തില്‍ നാല് ഗഡുക്കളായി രണ്ട് ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുക. സ്വകാര്യ ഏജന്‍സികളാണ് ഇപ്പോള്‍ റേഷന്‍ കടകളില്‍ മണ്ണെണ്ണ എത്തിക്കുന്നത്. ജില്ലയില്‍ മുമ്പ് 20 ഓളം ഏജന്‍സികള്‍ മണ്ണെണ്ണ വിതരണം നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ നാലെണ്ണമായി ചുരുങ്ങി.