ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിൽ ആധിപത്യം പുലർത്തുന്ന റോയൽ എൻഫീൽഡ് ഹിമാലയനെ പിന്നിലാക്കാൻ ഹീറോ പുതിയൊരു മോട്ടോർസൈക്കിൾ പുറത്തിറക്കാൻ പോകുന്നു. ഹീറോ എക്സ്പൾസിന്റെ (Hero Xpulse) കൂടുതൽ കരുത്തുള്ള പതിപ്പാണ് കമ്പനി തയ്യാറാക്കുന്നത്. രണ്ട് പുതിയ ലിക്വിഡ് കൂൾഡ് ഹീറോ മോട്ടോർസൈക്കിളുകൾ പരീക്ഷയോട്ടം നടത്തുന്നതിനായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ആദ്യത്തേത് എക്‌സ്‌പൾസ് നെയിംടാഗുമായി വരുന്ന ഒരു അഡ്വഞ്ചർ ബൈക്ക് തന്നെയാണ്. ഒരു വർഷം മുമ്പ് കണ്ട എക്‌സ്‌പൾസ് 400 മോഡലിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ പരീക്ഷണം നടത്തുന്ന അഡ്വഞ്ചർ ബൈക്ക് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതേ എഞ്ചിനിൽ തന്നെ പ്രവർത്തിക്കുന്ന ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ബൈക്കാണ് പരീക്ഷണയോട്ടം നടത്തുന്ന രണ്ടാമത്തെ ബൈക്ക്. ഹീറോ അതിന്റെ നിലവിലെ പേരിടൽ രീതി തുടരുകയാണെങ്കിൽ ഈ രണ്ടാമത്തെ ബൈക്കിന്റെ പേര് എക്‌സ്ട്രീം എന്ന് തുടങ്ങുന്ന രീതിയിലായിരിക്കും നൽകുന്നത്.
പുതിയ ഹീറോ ബൈക്കുകൾ അടുത്തിടെ വിപണിയിലെത്തിയ ഹീറോ കരിസ്മ XMRൽ ഉപയോഗിച്ചിട്ടുള്ള 210 സിസി എഞ്ചിനുമായി വരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നാൽ പുറത്ത് വന്ന ചിത്രങ്ങളിൽ സൈഡ് കവറുകളുടെ ആകൃതിയും ഓയിൽ ഇൻസ്പെക്ഷൻ വിൻഡോയുടെയും ഓയിൽ ഫിൽട്ടറിന്റെയും സ്ഥാനങ്ങളും കരിസ്മയിൽ നിന്ന് വ്യത്യസ്തമാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. അതുകൊണ്ട് തന്നെ ഈ ബൈക്കുകളിൽ പുതിയ എഞ്ചിനായിരിക്കും ഉണ്ടാവുക. പരീക്ഷണയോട്ടം നടത്തിയ ബൈക്കുകളുടെ എഞ്ചിനുകളുടെയും റേഡിയറുകളുടെയും മൊത്തത്തിലുള്ള വലുപ്പത്തിൽ നിന്നും ഇതൊരു വലിയ എഞ്ചിനായിരിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
നേരത്തെ പുറത്ത് വന്ന എക്സ്പൾസ് 400 മോഡലിന്റെ ലീക്കായ ഫോട്ടോകൾ ഒരു അപ്സൈഡ് ഡൌൺ ഫോർക്ക് വ്യക്തമായി കാണിക്കുന്നുണ്ട്. അതേസമയം ഇപ്പോൾ പരീക്ഷണം നടത്തുന്ന ബൈക്കുകളിൽ പഴയ രീതിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കാണുള്ളത്. അതുകൊണ്ട് എക്സ്പൾസ് 400 ആയിരിക്കില്ല ഇതെന്നാണ് കരുതുന്നത്. ഹീറോ എക്സ്പൾസ് 400 ടെസ്റ്റ് മ്യൂളിന് ഇടതുവശത്ത് ഫ്രണ്ട് ബ്രേക്ക് റോട്ടർ ഉണ്ടായിരുന്നു, ഇപ്പോൾ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയ ബൈക്കിന്റെ വലതുവശത്ത് ഡിസ്ക്കാണുള്ളത്. ഏറ്റവും പുതിയ അഡ്വഞ്ചർ ബൈക്ക് നേരത്തെ പരീക്ഷണം നടത്തുന്നതായി കണ്ട ഹീറോ എക്സ്പൾസ് 400ന് സമാനമല്ലെന്ന് മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും വ്യക്തമാണ്. ഒരുപക്ഷേ എക്സ്പൾസ് 400ന്റെ വിലകുറഞ്ഞ പതിപ്പായിരിക്കും ഇപ്പോൾ പരീക്ഷണം നടത്തുന്ന അഡ്വഞ്ചർ മോഡൽ എന്നാണ് കരുതുന്നത്.
പരീക്ഷണയോട്ടം നടത്തുന്നതായി കണ്ട പുതിയ അഡ്വഞ്ചർ, നേക്കഡ് ബൈക്കുകളുടെ എഞ്ചിൻ കവറിന്റെ ആകൃതിയിലും ചില സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. ബൈക്കുകളിൽ വ്യത്യസ്ത ഫ്രെയിമുകൾ ഉപയോഗിക്കുന്നതിലായിരിക്കും ഇങ്ങനെ എഞ്ചിൻ കവറിലും വ്യത്യാസം വരുന്നത്. എക്‌സ്‌പൾസിന് സ്‌പ്ലിറ്റ് ഡബിൾ ക്രാഡിൽ ഫ്രെയിമാണുള്ളത്. നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബൈക്ക് പെരിമീറ്റർ – ടൈപ്പ് ഫ്രെയിം ഉപയോഗിക്കുമെന്നാണ് കരുതുന്നത്. രണ്ട് ടെസ്റ്റ് മ്യൂളുകൾ തമ്മിലുള്ള മറ്റ് വ്യത്യാസങ്ങളിൽ സസ്പെൻഷനും വീലുകളും ഉൾപ്പെടുന്നു. സ്ട്രീറ്റ്ഫൈറ്റർ ഒരു അപ്സൈഡ് ഡൌൺ ഫോർക്കും 17 ഇഞ്ച് വീലുകളുമായി വരുന്നു. എക്സ്പൾസ് ടെസ്റ്റ് മ്യൂളിൽ 21 ഇഞ്ച് ഫ്രണ്ട് വീലാണുള്ളത്. എക്‌സ്‌പൾസിൽ ഒരു എൽഇഡി ഹെഡ്‌ലൈറ്റാണുള്ളത്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഈ ബൈക്കുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.