തിരുവനന്തപുരം : മേയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കര്‍ശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തുകയെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ പരീക്ഷക്ക് എത്തിച്ചേരുന്നതില്‍ ധാരണയായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. ഹോം ക്വാറന്‍റീനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമാക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും.
ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടന്‍ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും.
തെര്‍മല്‍ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐ.ആര്‍ തെര്‍മോമീറ്ററുകള്‍ വാങ്ങും. സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയര്‍ഫോഴ്സ്, പോലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്.എസ്.എല്‍.സി -1856, എച്ച്.എസ്.സി -8835, വി.എച്ച്.എസ്.സി -219 എന്നിങ്ങനെ 10,920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഈ തീയതികളില്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷക്കൊപ്പം റെഗുലര്‍ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരും ഉള്‍പ്പെടെ 23 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.