കോന്നി : പ്രളയവും പ്രകൃതി ദുരന്തങ്ങളും മലയോര മേഖലയിൽ തുടർ കഥയാകുമ്പോൾ ദുരന്ത മുഖത്ത് രക്ഷകനാകുവാൻ തണ്ണിത്തോട് പോലീസ് സ്റ്റേഷന് പുതിയ ജീപ്പ് എത്തി. ഫോഴ്സ് കമ്പനിയുടെ ഗൂർഖ ജീപ്പാണ് തണ്ണിത്തോട് പോലീസിന് ലഭിച്ചിരിക്കുന്നത്. സംഥാനത്ത് ആദ്യമായി പോലീസ് സേനയിൽ പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലാണ് സംസ്ഥാന പോലീസ് ജീപ്പ് നൽകിയിരിക്കുന്നത്. ഡ്രൈവർ സീറ്റ് അടക്കം ആറ് സീറ്റുകളാണ് ജീപ്പിനുള്ളത്. രണ്ട് ജീപ്പുകളും പോലീസ് ആസ്ഥാനത്ത് ഡി ജി പി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ജീപ്പ് പോലീസ് സ്റ്റേഷനുകളിൽ എത്തിച്ചത്.
ദുർഘട പാതയിൽ അനായസേന സഞ്ചരിക്കാൻ കഴിയുന്ന ഗൂർഖ 13.25 ലക്ഷം രൂപയാണ് വില. 2021 സെപ്റ്റംബറിൽ ആണ് ഫോഴ്സ് മോട്ടോർസ് പുതിയ ഗൂർഖ എസ് യു വി യെ വിപണിയിൽ എത്തിക്കുന്നത്. പുതിയ ഗ്രിൽ, ബമ്പറുകൾ,ലൈറ്റ് ക്ലസ്റ്ററുകൾ, പിൻ യാത്രക്കാർക്കുള്ള വലിയ വിൻഡോ എന്നിവയും ഗുർഘയുടെ പ്രത്യേകതകളാണ്. പുതിയ ഡാഷ് ബോർഡ്, ടച്ച് സ്ക്രീൻ, ഇൻഫർടൈൻമെന്റ് സിസ്റ്റം, മുൻവശത്തുള്ള ക്യാപ്റ്റൻ സീറ്റുകൾ, എന്നിവയും ഗൂർഘയുടെ പ്രത്യേകതകളാണ്.